കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ തടയണ പൂര്‍ണമായും പൊളിക്കണമെന്ന് ഹൈക്കോടതി. മലപ്പുറം ചീങ്കണ്ണിപ്പാലയിലെ തടയണ പൂര്‍ണമായും പൊളിക്കണമെന്നാണ് ഉത്തരവ്. ഈ മാസം മുപ്പതിന് മുന്‍പ് ഉത്തരവ് നടപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
നേരത്തെ കോടതിവിധിയെ തുടര്‍ന്ന് തടയണയിലെ വെള്ളമൊഴുക്കി വിട്ടിരുന്നു. എന്നാല്‍ ഇത് മാത്രം പോരെന്നാണ് കോടതി നിലപാട്. സ്റ്റേറ്റ് അറ്റോര്‍ണിക്കാണ് ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. കഴിവര്‍ഷത്തെ പ്രളയം ഓര്‍ക്കണമെന്ന മുന്നറിയിപ്പും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. കേസ് ഈ മാസം 30ന് വീണ്ടും കേള്‍ക്കും.
മെയ് പതിനാല് മുതലാണ് അനധികൃത തടയണയിലെ വെള്ളം ഒഴുക്കിവിട്ട് തുടങ്ങിയത്. കക്കാടം പൊയിലിലെ അന്‍വറിന്റെ അനധികൃത വാട്ടര്‍ തീം പാര്‍ക്കിനോട് അനുബന്ധിച്ചുള്ള ബോട്ടിംഗ് കേന്ദ്രത്തിലേക്ക് വെള്ളം എത്തിച്ചിരുന്നത് ഈ തടയണയില്‍ നിന്നായിരുന്നു.
അന്‍വറിന്റെ വാട്ടര്‍ തീം അമ്യൂസ്മെന്റ് പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശത്താണെന്ന് കളക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് പാറയുടെ മുകളില്‍ വെള്ളം കെട്ടി നിര്‍മ്മിച്ച പാര്‍ക്ക് അപകടമുയര്‍ത്തുന്നുണ്ടെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പാര്‍ക്ക് സ്ഥിതി ചെയ്യുന്ന കക്കാടം പൊയില്‍ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ പട്ടികയിലെ അപകട സാധ്യത കൂടിയ സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ്.

