Monday, May 20, 2024
spot_img

ഒടുവിൽ കണ്ണ് തുറന്നു !ചാലക്കുടി എസ്ഐക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗം ഹസൻ മുബാറക്കിനെതിരെ കേസെടുത്തു

ചാലക്കുടി സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗത്തിനെതിരെ ഒടുവിൽ പോലീസ് കേസെടുത്തു. ചാലക്കുടി എസ്.ഐ. അഫ്‌സലിനെതിരെ കൊലവിളി പ്രസംഗം നടത്തിയ എസ്എഫ്ഐ കേന്ദ്രകമ്മിറ്റിയംഗം ഹസന്‍ മുബാറക്കിനെതിരെയാണ് കേസ്. എസ്ഐയുടെ രണ്ട് കയ്യും കാലും തല്ലിയൊടിക്കുമെന്നും വിയ്യൂരിൽ കിടന്നാലും കണ്ണൂരിൽ കിടന്നാലും പൂജപ്പുര കിടന്നാലും ഞങ്ങള്‍ക്കത് പുല്ലാണെന്നുമായിരുന്നു ഹസന്‍ മുബാറക്കിന്റെ പരസ്യമായ ഭീഷണി.

ഭീഷണി പ്രസം​ഗത്തിന് ശേഷം കേസെടുക്കാൻ പൊലീസ് തയാറായിരുന്നില്ല. വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. എന്നാൽ സ്റ്റേഷൻ ജാമ്യം കിട്ടാവുന്ന വകുപ്പുകൾ പ്രകാരമാണ് ഹസൻ മുബാറക്കിനെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് വിവരം

ചാലക്കുടിയില്‍ ഉണ്ടായ സംഘർഷത്തിന്റെ തുടര്‍ച്ചയായിരുന്നു ഭീഷണി പ്രസംഗം. സര്‍ക്കാര്‍ ഐടിഐയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടത്തിയ ആഹ്‌ളാദ പ്രകടനത്തിനിടെ ഡിവൈഎഫ്ഐ. പ്രവര്‍ത്തകര്‍ പോലീസ് ജീപ്പ് അടിച്ചുതകര്‍ക്കുകയും പോലീസ് ലാത്തിച്ചാർജ് നടത്തുകയും ചെയ്തിരുന്നു. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിച്ചതിന് പിഴയടപ്പിച്ചതിന്റെ പ്രതികാരമായാണ് പോലീസ് ജീപ്പ് അടിച്ച് തകര്‍ത്തത് എന്നാണ് പോലീസ് വാദം. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ നിധിന്‍ പുല്ലനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ സംഘം നിധിനെ ബലം പ്രയോഗിച്ച് മോചിപ്പിച്ചു. ഇയാളെ ഇന്നലെ വീണ്ടും പോലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Latest Articles