Wednesday, November 4, 2026

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 19 കാരിയെ തീകൊളുത്തിക്കൊന്ന കേസ് ! പ്രതി അജിൻ റെജി മാത്യുവിന് ജീവപര്യന്തം കഠിനതടവും 5 ലക്ഷം രൂപ പിഴയും;അന്വേഷണ ഉദ്യോഗസ്ഥന് കോടതിയുടെ അഭിനന്ദനം; വിധിയിൽ തൃപ്തരെന്ന് കുടുംബം

പത്തനംതിട്ട : പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡില്‍ പെണ്‍കുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന കേസില്‍ പ്രതി അജിന്‍ റെജി മാത്യു (24)വിന് ജീവപര്യന്തം കഠിനതടവും 5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ജഡ്ജി ജി.പി.ജയകൃഷ്ണന്റേതാണ് വിധി. പിഴത്തുക പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം. പ്രതിക്കെതിരേ തടഞ്ഞുവെക്കല്‍, കൊലപാതകം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. തടഞ്ഞുവെക്കല്‍ കുറ്റത്തിന് ഒരു മാസത്തെ തടവും അനുഭവിക്കണം. കേസിൽ മികച്ച രീതിയില്‍ കുറ്റാന്വേഷണം നടത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ തിരുവല്ല സിഐ ആയിരുന്ന പി.ആര്‍. സന്തോഷിനെ കോടതി അഭിനന്ദിച്ചു. വിധിയില്‍ തൃപ്തരാണെന്ന് കവിതയുടെ അമ്മ ഉഷയും അച്ഛന്‍ വിജയകുമാറും പറഞ്ഞു.

കോഴഞ്ചേരി അയിരൂര്‍ പുത്തേഴം കണ്ണങ്കരയത്ത് ചരുവില്‍ കിഴക്കേമുറിയില്‍ കവിത(19)യാണ് കൊല്ലപ്പെട്ടത്.
2019 മാര്‍ച്ച് 12-ന് രാവിലെ 9.10-ന് തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ചിലങ്ക ജങ്ഷന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം.

കവിതയും പ്രതിയും സഹപാഠികളായിരുന്നു. ഇതിനുശേഷം കവിത തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ എംഎല്‍ടി കോഴ്സിന് ചേര്‍ന്നു. സംഭവദിവസം രാവിലെ ക്ലാസിലേക്ക് വരുന്നതിനിടെയാണ് അജിന്‍ റെജി മാത്യു കവിതയെ ആക്രമിച്ചത്. ഇതിന് മുന്നോടിയായി തിരുവല്ലയിലെ പെട്രോള്‍ പമ്പില്‍നിന്ന് പ്രതി മൂന്ന് കുപ്പികളിലായി പെട്രോള്‍ വാങ്ങിയിരുന്നു. നടന്നുപോവുകയായിരുന്ന കവിതയുടെ പിന്നാലെയെത്തി ആദ്യം കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. പിന്നാലെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും എട്ട് ദിവസത്തിനുശേഷം മരിക്കുകയായിരുന്നു.

Related Articles

Latest Articles