കൊച്ചി: പയ്യോളി മനോജ് വധക്കേസില്‍ ഇരുപത്തിയേഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സി ജെ എം കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സിബിഐ കോടതിയില്‍ ശുപാര്‍ശ ചെയ്തു. വധക്കേസിലെ മൂന്ന് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
രണ്ട് പ്രതികളെ കേസില്‍ മാപ്പു സാക്ഷികളാക്കിയിട്ടുണ്ട്. പൊലീസ് മുഖ്യ പ്രതികളാക്കിയ അജിത്, ജിതേഷ് എന്നിവരാണ് മാപ്പു സാക്ഷികളായത്. ഡി വൈ എസ് പി ജോസി ചെറിയാന്‍, സി ഐ വിനോദന്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടി വേണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. സി ബി ഐ ഡിവൈഎസ്പി അനന്തകൃഷ്ണനാണ് സി ജെ എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
2012 മെയ് 12-നാണ് ബി എം എസ് പ്രവര്‍ത്തകനായ ഓട്ടോഡ്രൈവര്‍ മനോജിനെ പയ്യോളിയിലെ വീട്ടില്‍ കയറി ഒരു സംഘം വെട്ടിക്കൊന്നത്. തുടര്‍ന്ന് ലോക്കല്‍ പൊലീസ് കേസില്‍ പ്രദേശത്തെ ഡി വൈ എഫ് ഐ നേതാവ് അജിത്തിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. പിന്നീട് ബന്ധുക്കളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും പ്രധാന പ്രതികളിലേക്ക് എത്തുമെന്നായതോടെ രാഷ്ട്രീയ ഇടപെടലുകളുണ്ടായി. പ്രധാന പ്രതി അജിത്ത് കസ്റ്റഡിയിലിരിക്കെ താന്‍ ഡമ്മി പ്രതിയാണെന്നും യഥാര്‍ത്ഥ പ്രതികളെ പാര്‍ട്ടി മാറ്റിയെന്നും വിളിച്ച് പറഞ്ഞതോടെയാണ് കേസ് വലിയ ശ്രദ്ധ നേടിയത്.

