Saturday, May 11, 2024
spot_img

ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന് സിബിഐ നോട്ടീസ് ; നവംബർ 6 ന് ഹാജരാകാൻ നിർദേശം

മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന് സിബിഐ നോട്ടീസ്. നവംബർ 6 ന് ഹാജരാകണമെന്നാണ് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിരിക്കുന്നത്. 2016 ൽ കോൺഗ്രസ് വിമത എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്ത കേസിലാണ് സി ബി ഐ അന്വേഷണം നടത്തുന്നത്.

കേസുമായി ബന്ധപ്പെട്ട് ശബ്ദ സാമ്പിളുകൾ ശേഖരിക്കാനാണ് ഹരീഷ് റാവത്തിനെ വിളിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, നിലവിൽ ഡെറാഡൂൺ ആസ്ഥാനമായുള്ള ജോളി ഗ്രാന്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. ഒക്‌ടോബർ 25 ന് അദ്ദേഹത്തിൻ്റെ കാർ അപകടത്തിൽപ്പെട്ടിരുന്നു. ആശുപത്രിയിൽ കഴിയുന്ന തനിക്ക് നോട്ടീസ് അയച്ച സിബിഐയുടെ പ്രവൃത്തി അത്ഭുതപ്പെടുത്തുന്നതാണെന്നാണ് ഹരീഷ് റാവത്തിന്റെ പ്രതികരണം. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി റാവത്ത് സിബിഐയോട് സമയം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

എന്നാൽ ഹരീഷ് റാവത്തിനെ നേരത്തെയും സിബിഐ ചോദ്യം ചെയ്തിരുന്നു. 2016 ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. റാവത്തിന്റെ വിശ്വസ്തനായ മദൻ സിംഗ് ബിഷ്ത് എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. സംസ്ഥാനം അന്ന് രാഷ്ട്രപതി ഭരണത്തിലായിരുന്നു. കേസിൽ മുൻ ക്യാബിനറ്റ് മന്ത്രി ഹരക് സിംഗ് റാവത്ത്, സമാചാർ പ്ലസ് ന്യൂസ് ചാനൽ സിഇഒ ഉമേഷ് കുമാർ എന്നിവരെയും സിബിഐ പ്രതി ചേർത്തിരുന്നു.

Related Articles

Latest Articles