Tuesday, May 14, 2024
spot_img

പ്രവാസിയെ തട്ടിക്കൊണ്ടുപോയ കാറിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്; അന്വേഷണം പുരോഗമിക്കുന്നു

കോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കാറിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. പരപ്പൻപൊയിൽ കുറുന്തോട്ടി കണ്ടിയിൽ മുഹമ്മദ് ഷാഫിയെ(38)യാണ് രാത്രി വീട്ടിൽ നിന്ന് ഗുണ്ടാ സംഘം തട്ടികൊണ്ടുപോയത്.ഷാഫിയെ തട്ടിക്കൊണ്ടുപോയത് വെള്ള കാറിലാണെന്നു ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. നമ്പര്‍ വ്യക്തമല്ല. പ്രവാസിയെ തട്ടിക്കൊണ്ടുപോയത് വയനാട്ടിലേക്കാണ്. ശനിയാഴ്ചവരെ ഷാഫി വയനാട്ടിൽ ഉണ്ടായിരുന്നു. തുടർന്ന് കരിപ്പൂരിലെത്തി. പിന്നീട് എങ്ങോട്ടുപോയെന്ന് വ്യക്തമല്ല.

മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ട് പോയി മൂന്ന് ദിവസം പിന്നിട്ടിട്ടും പോലീസിന് ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കാറിന്റെ നമ്പർ വ്യക്തമല്ല എന്നതും പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നു. നമ്പർ അവസാനിക്കുന്നത് 7001-ൽ ആണ് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ നിലവിൽ മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട് പോലീസ് ചില നമ്പറുകൾ പരിശോധിക്കുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു താമരശ്ശേരി പരപ്പൻപോയിൽ സ്വദേശി മുഹമ്മദ് ഷാഫിയെയും ഭാര്യ സനിയയെയും കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സനിയയെ പിന്നീട് റോഡിൽ ഇറക്കിവിടുകയായിരുന്നു.

മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയതിനു പിന്നിൽ വിദേശത്തെ സാമ്പത്തിക ഇടപാടിന് മധ്യസ്ഥത വഹിച്ചതാവാമെന്നായിരുന്നു ബന്ധുക്കൾ പോലീസിനെ അറിയിച്ചിരുന്നത്. എന്നാൽ, ഹവാല പണമിടപാടുമായി നേരിട്ട് ബന്ധമുള്ളതിനാലാണ് പണം കിട്ടാനുള്ളവർ ക്വട്ടേഷൻസംഘാംഗങ്ങളെ വിട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന നിഗമനത്തിലാണ് പോലീസ്.

Related Articles

Latest Articles