Monday, May 20, 2024
spot_img

തനിക്കെതിരെയുള്ള അന്വേഷണം നിയമ വിരുദ്ധവും ഭരണഘടനാ ലംഘനവും; മമ്തയ്ക്കും അവരുടെ പോലീസിനും ഒഴികെ പശ്ചിമ ബംഗാളിലെ ഏതൊരു പൗരനും സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്തി രാജ്ഭവൻ; തിരിച്ചടിച്ച് ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്

കൊൽക്കത്ത: ബംഗാളിൽ ഗവർണർ സർക്കാർ പോര് അതിരൂക്ഷമായി തുടരുകയാണ്. തനിക്കെതിരെയുള്ള ബംഗാൾ പോലീസിന്റെ അന്വേഷണം നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമെന്ന് ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. മമ്തയ്ക്കും അവരുടെ പോലീസിനും ഒഴികെ ബംഗാളിലെ ഏതൊരു പൗരനും രാജ്ഭവനിൽ നിന്ന് പോലീസ് ആവശ്യപ്പെട്ട സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. രാജ്ഭവൻ ജീവനക്കാർക്ക് അയച്ച കത്ത് പങ്കുവച്ചുകൊണ്ടാണ് പ്രഖ്യാപനം. രാജ്ഭവനിലെ ഒരു മുൻ താൽക്കാലിക ജീവനക്കാരി ഗവർണർക്കെതിരെ ലൈംഗീക പീഡന പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടത്തുന്ന പോലീസ് രാജ്ഭവനിലെ സി സി ടി വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജ്ഭവൻ ഈ ദൃശ്യങ്ങൾ നൽകാൻ തയ്യാറായില്ല. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ പൊതുജനങ്ങൾക്ക് പരിശോധിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

സച് കെ സാംനെ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയനുസരിച്ച് സി സി ടി വി ദൃശ്യങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് രാജ്ഭവനെ ഇമെയിൽ മുഖേനയോ ഫോൺ നമ്പർ വഴിയോ ബന്ധപ്പെടാം. ഇങ്ങനെ ബന്ധപ്പെടുന്ന ആദ്യത്തെ നൂറുപേർക്ക് രാജ്ഭവനിലെത്തി ദൃശ്യങ്ങൾ പരിശോധിക്കാം. പോലീസ് ആവശ്യപ്പെട്ട സി സി ടി വി ദൃശ്യങ്ങൾ നൽകാത്തതിനെതിരെ മുഖ്യമന്ത്രി മമതാ ബാനർജിയും പോലീസും വിമർശനം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ഗവർണർക്കെതിരെയുള്ള പരാതി തൃണമൂൽ കോൺഗ്രസ് നേരത്തെ ആയുധമാക്കിയിരുന്നു .

അതേസമയം ഗവർണർ ആനന്ദ ബോസിനെതിരെ ആരോപണം ഉന്നയിച്ച സ്ത്രീക്ക് തൃണമൂൽ കോൺഗ്രെസ്സുമായി അടുത്ത ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. ഇവരുടെ മാതാവ് കിഴക്കൻ മിഡ്‌നാപ്പൂർ ജില്ലയിലെ ഒരു വാർഡിൽ നിന്ന് 2002 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ തൃണമൂലിന് വേണ്ടി മത്സരിച്ചിരുന്നു എന്ന വാർത്തയാണ് പുറത്തുവന്നത്. പരാതിക്കാരിയുടെ രാഷ്ട്രീയ ബന്ധം പുറത്തു വന്നതോടെ ഗവർണർക്ക് സിപിഎം അടക്കമുള്ള പാർട്ടികൾ പിന്തുണ അറിയിച്ചിരുന്നു.

Related Articles

Latest Articles