Sunday, May 19, 2024
spot_img

ഒടിടി ഉൾപ്പടെയുള്ള പ്ലാറ്റുഫോമുകൾക്ക് നിയന്ത്രണം ശക്തമാക്കാൻ കേന്ദ്രം ; കരട് ബ്രോഡ്കാസ്റ്റിങ് സേവന ബിൽ അവതരിപ്പിച്ചു ; കാലപ്പഴക്കം ചെന്ന നിയമങ്ങളും മാർഗരേഖയും മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

ദില്ലി : ഒടിടി ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ വരുന്ന ഉള്ളടക്കങ്ങൾക്ക് നിയന്ത്രണം ശക്തമാക്കാനൊരുങ്ങുകയാണ് കേന്ദ്രം. ഇതിനായി കരട് ബ്രോഡ്കാസ്റ്റിങ് സേവന ബിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അവതരിപ്പിച്ചു. 30 ദിവസത്തിനകം പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാവുന്നതാണ്.

ഒടിടി, ഡിജിറ്റൽ പ്ലാറ്റ്‌ഫോം, ഡിടിഎച്ച്, ഐപിടിവി തുടങ്ങിയവ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾക്ക് നിയന്ത്രങ്ങൾ ബാധകമാകും. ഉള്ളടക്കം വിലയിരുത്തുന്നതിനും അവ ചട്ടലംഘനം നടത്തുന്നവയല്ലെന്നും ഉറപ്പാക്കാൻ ഉള്ളടക്ക മൂല്യനിർണയ സമിതികളെ രൂപീകരിച്ച് സ്വയം നിയന്ത്രണം ഊർജിതമാക്കുന്നതിനുള്ള വകുപ്പുകൾ ബില്ലിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ, ചട്ടലംഘനം നടത്തിയാൽ ലഭിക്കുന്ന ശിക്ഷകളും ബില്ലിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, 1995-ലെ കേബിൾ ടെലിവിഷൻ ശൃംഖലാ നിയന്ത്രണ നിയമത്തിന് പകരമായാണ് ബ്രോഡ്കാസ്റ്റിംഗ് സർവീസസ് ബില്ല് അവതരിപ്പിക്കുന്നത്. ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട നിയമം സംബന്ധിച്ച് സർക്കാരിന് ഉപദേശം നൽകുന്നതിനായി പ്രത്യേക ബ്രോഡ്കാസ്റ്റ് അഡൈ്വസറി കൗൺസിൽ രൂപീകരിക്കുന്നതിനുള്ള നിർദേശവുമുണ്ട്. കാലപ്പഴക്കം ചെന്ന നിയമങ്ങളും മാർഗരേഖയും മാറ്റുകയും നിയന്ത്രണസംവിധാനങ്ങൾ ആധുനികവത്കരിക്കുകയുമാണ് ബില്ലിലൂടെ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര വാർത്താപ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ വ്യക്തമാക്കി.

Related Articles

Latest Articles