Monday, May 20, 2024
spot_img

കേരളത്തിൽ രാത്രികാല കർഫ്യു പ്രഖ്യാപിക്കണം; കർശന നിർദ്ദേശവുമായി കേന്ദ്രം

ദില്ലി: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ
കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ രാത്രി കാല കർഫ്യു ഏർപ്പെടുത്താൻ നിർദേശം നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. രോഗവ്യാപനത്തിൽ സമാന സ്ഥിതിയിലുള്ള മഹാരാഷ്‌ട്രയ്ക്കും ഇതേ നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിലേയും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ പ്രത്യേകമായി വിളിച്ചുചേർത്ത യോഗത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ബല്ലാ ആവശ്യം മുന്നോട്ട് വച്ചത്.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് റിപ്പോർട്ട് ചെയ്യുമ്പോൾ കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് ഇപ്പോൾ കേരളത്തിലാണ്. പ്രതിദിന മരണനിരക്കും സംസ്ഥാനത്താണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. പ്രതിരോധ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയില്ലെങ്കിൽ സ്ഥിതി അതീവ ഗുരുതരമാകുമെന്നും കേന്ദ്രം യോഗത്തിൽ മുന്നറിയിപ്പ് നൽകി. അതേസമയം ഇരുസംസ്ഥാനങ്ങളും വാക്‌സിനേഷൻ ശക്തമായി തുടരണമെന്നും കേന്ദ്രം വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 30,007 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 3872, കോഴിക്കോട് 3461, തൃശൂർ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂർ 1939, ആലപ്പുഴ 1741, പത്തനംതിട്ട 1380, വയനാട് 1161, ഇടുക്കി 900, കാസർഗോഡ് 613 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധിതരുടെ കണക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 3,07,85,443 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 162 മരണങ്ങളാണ് കോവിഡ്- മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,134 ആയി ഉയർന്നിരിക്കുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles