Thursday, May 9, 2024
spot_img

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ആൾമാറാട്ടം നടത്തിയവർ പിടിയിൽ; നടപടി തത്വമയി ന്യൂസ് വാർത്തയെതുടർന്ന്; തത്വമയി ന്യൂസ് ബിഗ് ഇമ്പാക്ട്

കല്‍പ്പറ്റ: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ രണ്ടുപേര്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി എ.ആർ.രാജേഷ്, കൊല്ലം സ്വദേശി പി.പ്രവീൺ എന്നിവരാണ് പിടിയിലായത്. പ്രതികളുടെ കൊല്ലത്തേയും തിരുവനന്തപുരത്തേയും വീട്ടിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലെത്തിച്ചു. തത്വമയി ന്യൂസ് ആണ് ഇതുസംബന്ധിച്ച വാർത്തകൾ ആദ്യം റിപ്പോർട്ട് ചെയ്തത്.

ജൂലൈ 27 ന് ഒരു റിട്ടയേർഡ് വനംവകുപ്പ് ഉദ്യോഗസ്ഥൻ വിളിച്ചുപറഞ്ഞതനുസരിച്ചാണ് ആൾമാറാട്ടക്കാർ ഇവിടേയ്ക്ക് എത്തിയതെന്നാണ് ഒരു റേഞ്ച് ഓഫീസർ ഞങ്ങളുടെ പ്രതിനിധിയ്ക്ക് നൽകിയ വിവരം. എന്നാൽ വിവരം അറിഞ്ഞ ഉടൻ തന്നെ ഞങ്ങളുടെ പ്രതിനിധി പുൽപ്പള്ളി പോലീസ് സ്റ്റേഷനിലും, വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിളിച്ച് ഇക്കാര്യം അറിയിച്ചിരുന്നു. എന്നാൽ അന്വേഷിക്കുന്നു, അന്വേഷണം നടക്കുകയാണ്,എഫ്‌ഐആർ ഇട്ടിട്ടുണ്ട് എന്നല്ലാതെ മറ്റു നടപടികൾ ഒന്നുംതന്നെ അവരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഇതിനെത്തുടർന്നാണ് ഞങ്ങൾ അത് വാർത്തയായി പുറത്തുവിട്ടത്.

ഇതിനുപിന്നാലെയാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. ഐബി ഉൾപ്പെടെയുളള കേന്ദ്ര സംഘവും വിഷയത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് ഐബി കേന്ദ്രത്തിന് അയച്ച റിപ്പോർട്ടിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് സംഭവത്തിൽ ഉണ്ടായിരിക്കുന്നതെന്ന് അറിയിച്ചിരുന്നു.

അതേസമയം സംഘത്തിലെ ദീപക് പി. ചന്ദ്, എം. ഗിരീഷ് എന്നിവരെ പിടികൂടാനായില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ വയനാട്ടില്‍ സുഖിച്ച് താമസിക്കുകയായിരുന്നു ഇവർ. എന്നാൽ ഇവിടെ താമസിക്കാനെത്തിയ ഇവരോട് ഒരു തിരിച്ചറിയൽ കാർഡ് പോലും ചോദിക്കാതെയാണ് താമസിക്കുവാനുള്ള സൗകര്യം വനംവകുപ്പ് ഉദ്യോഗസ്ഥർ ഒരുക്കി നൽകിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും സംഭവത്തിൽ പ്രതികൾ തന്നെയാണ്. ഇത്തരത്തിൽ അനധികൃതമായി ആൾമാറാട്ടം നടത്തുന്നവരെ അവിടെ താമസിപ്പിച്ചതിൽ ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടത്തണമെന്ന ആവശ്യവും പലയിടത്തുനിന്നും ഉയരുന്നുണ്ട്.

ചെതലയം ഫോറസ്റ്റ് റേഞ്ചിലെ വെട്ടത്തൂരിലെ വനം വകുപ്പിന്റെ വാച്ച് ടവറില്‍ സംഘം നാല് ദിവസമാണ് എല്ലാവിധ സൗകര്യങ്ങളോടെയും പ്രതികള്‍ താമസിച്ചത്. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന് തെളിയിക്കുന്ന വ്യാജ രേഖകള്‍ കാണിച്ചാണ് പ്രതികള്‍ കബളിപ്പിച്ചതെന്നാന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാദം . ഒരാൾ പട്ടാളത്തിൽ മേജറാണെന്നും വിവിധ അന്വേഷണങ്ങൾക്കായി എത്തിയതാണെന്നും പറഞ്ഞെന്നാണ് ഇവർ പറയുന്നത്. എന്നാൽ ഇതെല്ലാം തീർത്തും പൊള്ളയായ വാദങ്ങളാണ്. ഉദ്യോഗസ്ഥരുടെ അറിവോടെ തന്നെയാണ് ആൾമാറാട്ടം നടത്തി നാലുപേർ ഇവിടേയ്ക്ക് നുഴഞ്ഞുകയറിയത്.

അതേസമയം ഒരു അഗ്നിപർവ്വതത്തിനുമുകളിലാണ് കേരളം ഇപ്പോൾ. തീവ്രവാദം ഉൾപ്പെടെ ഭീകരരുടെ താവളമായി മാറിക്കൊണ്ടിരിക്കുകയാണ് കേരളം. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു തിരിച്ചറിയൽ കാർഡ് പോലും ഇല്ലാതെ വരുന്നവരെ പോലും നമ്മുടെ ഉദ്യോഗസ്ഥർ ഇങ്ങനെ അകമ്പടി സേവിക്കുന്നത് തീർത്തും ഭീതിയോടെ കാണേണ്ട ഒന്നുതന്നെയാണ്. പലപ്പോഴും നമ്മുടെ പോലീസും, ഉദ്യോഗസ്ഥരുമൊന്നും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങൾ വെളിവാക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles