അമൃത്സര്‍: ഖാലിസ്താന്‍ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിനെതിരേയും സംഘടനാ നേതാവായ ജസ് വീന്ദര്‍ സിംഗ് മുള്‍ത്താനിക്കെതിരേയും കേസ് എടുത്ത് എന്‍.ഐ.എ. പഞ്ചാബ് കേന്ദ്രീകരിച്ച് മേഖലയിലൊട്ടാകേയും ജമ്മുകശ്മീരിലും നിരന്തരം ഭീകരാക്രമണം നടത്തുക എന്നതാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.
ഇതോടെ ആഗോള ഭീകരസംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഭരണകൂട വിരുദ്ധമായ ഏതു ചെറിയ പ്രക്ഷോഭത്തേയും അക്രമാസക്തമാക്കുക എന്നതാണ് അവരുടെ തന്ത്രമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
അതേസമയം പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗമായ ഐ.എസ്.ഐയുടെ പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംഘടനകളുടേയും വിവരങ്ങള്‍ ശേഖരിക്കുകയും മുന്‍കാല ചരിത്രം പരിശോധിച്ചുമാണ് എന്‍.ഐ.എ കേസ് എടുത്തിരിക്കുന്നത്.
സിഖ് ഫോര്‍ ജസ്റ്റിസ് സംഘടനയുടെ പ്രമുഖനാണ് ജസ് വീന്ദര്‍ സിംഗ്. ഇയാൾക്ക് ലുധിയാന കോടതിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ബന്ധമുണ്ടെന്ന് എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്.
മാത്രമല്ല ജര്‍മനി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുള്‍ത്താനിയെ അവിടത്തെ പോലീസാണ് അറസ്റ്റ് ചെയ്തത്. കൂടാതെ ലുധിയാന സ്ഫോടനത്തില്‍ മുള്‍ത്താനിക്കൊപ്പം ഹര്‍വീന്ദര്‍ സിംഗ് സന്ധുവുമാണ് കേസിലെ സൂത്രധാരന്മാര്‍ എന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

