Saturday, May 4, 2024
spot_img

ഉത്തരവാദിത്തമില്ലാതെ പെരുമാറരുത് കോവിഡ് മൂന്നാം തരംഗത്തെ നമ്മളായിട്ട് ക്ഷണിച്ച് വരുത്തരുത്; സ്വരം കടുപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

ദില്ലി; രാജ്യത്തു കോവിഡ് പ്രോട്ടോക്കോൾ ലംഘനം കൂടി വരികയാണെന്നും, ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം മൂന്നാം തരംഗത്തിനു കാരണമായേക്കാമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മഹാമാരിക്കെതിരായുള്ള നമ്മുടെ നേട്ടങ്ങളെ ഇല്ലാതാക്കുന്ന നടപടിയാണിതെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു

‘ രണ്ടു വർഷത്തിനു ശേഷം ജയിലിൽനിന്നു പുറത്തിറങ്ങിയ പോലെയാണു ചിലർക്കു തോന്നുന്നത്. വിനോദസഞ്ചാരികൾ മാനദണ്ഡങ്ങൾ ലംഘിച്ച് കൂട്ടമായെത്തുന്നു. വലിയ ജനക്കൂട്ടമുണ്ട്, അവർ കോവിഡിനെ ഭയപ്പെടുന്നില്ല. മൂന്നാം തരംഗത്തിനു മുൻപായി ഇവിടെയെത്തി എന്നാണു മനോഭാവം. കാലാവസ്ഥാ അറിയിപ്പു പോലെ നമ്മൾ മൂന്നാം തരംഗത്തെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ, നാം ശ്രമിച്ചില്ലെങ്കിൽ പുതിയ തരംഗങ്ങളുണ്ടാകുമെന്നതു മറക്കുകയും ചെയ്യുന്നു’– ലവ് അഗർവാൾ വ്യക്തമാക്കി.

മൂന്നാം തരംഗം സ്വന്തമായി വരില്ലെന്നു നിതി ആയോഗ് അംഗം ഡോ. വി.കെ.പോൾ പറഞ്ഞു. നമ്മൾ ജനങ്ങളാണു മൂന്നാം തരംഗത്തെ ക്ഷണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏപ്രിൽ, മേയ് മാസങ്ങളിൽ ആഞ്ഞടിച്ച രണ്ടാം തരംഗത്തിൽ റെക്കോർഡ് കേസുകളും മരണങ്ങളുമാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയത്. മെഡിക്കൽ ഓക്സിജനുൾപ്പെടെ ആരോഗ്യ സൗകര്യങ്ങളുടെ അഭാവവും രാജ്യത്തു രൂക്ഷമായിരുന്നു.


മിക്ക സംസ്ഥാനങ്ങളും കർശനമായ ലോക്ഡൗണുകൾ നടപ്പിലാക്കി. കേരളത്തിലടക്കം ഇപ്പോഴും നിയന്ത്രണങ്ങൾ തുടരുന്നു. എങ്കിലും മിക്കയിടത്തും നിയന്ത്രണങ്ങളിൽ അയവു വന്നതോടെ ആയിരക്കണക്കിനു വിനോദസഞ്ചാരികൾ യാത്രയ്ക്കിറങ്ങി. പല മാർക്കറ്റുകളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. ഇത് സ്ഥിതി ഗുരുതരമാക്കും

സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles