പാലക്കാട്: തൊഴിലുറപ്പു നടത്തിപ്പില്‍ വ്യാപക ക്രമക്കേടെന്ന് കേന്ദ്ര നിരീക്ഷണസംഘം. ഭൂവികസനം, ഇഷ്ടിക നിര്‍മാണം, കനാലുകളിലെ ചെളി നീക്കം ചെയ്യല്‍ എന്നീ പ്രവൃത്തികളിലാണ് വ്യാപക ക്രമക്കേടു നടക്കുന്നതായി പദ്ധതി കേന്ദ്ര നിരീക്ഷണ സംഘം വിലയിരുത്തിയത്്. ക്രമക്കേടും ചട്ടവിരുദ്ധ നിര്‍മാണവും മറ്റു പ്രോജക്റ്റുകളിലും സംശയിക്കുന്നതായും തൊഴിലുറപ്പ് കേന്ദ്ര ഡയറക്ടര്‍ ധരംവീര്‍ ഝായുടെ നേതൃത്തിലുള്ള സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
മിക്ക പ്രോജക്റ്റുകളും രീതികളും അടിസ്ഥാനനിയമത്തിനു വിരുദ്ധമാണ്. താഴെത്തട്ടിലുള്ളവര്‍ക്കായുള്ള ഭൂവികസനം 90 ശതമാനവും ഇടത്തര, വന്‍കിടക്കാര്‍ക്കാണു സഹായമാകുന്നത്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ ഈ പ്രോജക്റ്റുകളുടെ നടത്തിപ്പ് സംഘം നേരിട്ടു വിലയിരുത്തി.
ഭൂവുടമയും തൊഴില്‍കാര്‍ഡ് എടുത്ത് ജോലിയില്‍ പങ്കാളിയാകണമെങ്കിലും സ്ഥലത്തില്ലാത്ത വന്‍കിടക്കാരുടെ കൃഷിഭൂമി പോലും തൊഴിലുറപ്പില്‍ ഏറ്റെടുക്കുന്നു. ഇവരുടെ തൊഴില്‍കാര്‍ഡ് നടത്തിപ്പുകാരാണു എടുക്കുന്നത്.
സര്‍ക്കാര്‍ ഭവന പദ്ധതിയായ ലൈഫില്‍ വീടു നിര്‍മാണത്തിനു സൗജന്യമായി ഇഷ്ടിക നല്‍കുന്ന പ്രോജക്റ്റും തൊഴിലുറപ്പിനു വിരുദ്ധമാണ്. ഇഷ്ടിക ഒന്നിന് 108 രൂപയാണു നിര്‍മാണ ചെലവ്. വിപണിയില്‍ ഇഷ്ടിക വില 30 രൂപയാണ്. വിപണിവിലയെക്കാള്‍ കുറഞ്ഞചെലവില്‍ തൊഴിലുറപ്പില്‍ ഇഷ്ടിക നിര്‍മിക്കാന്‍ കഴിയുമെന്നിരിക്കേയാണു ഈ കൂടിയ തുക ചെലവഴിച്ചുള്ള നിര്‍മാണം.
16,000 ലധികം വാര്‍ഡുകളില്‍ കനാലുകളിലെ ചെളി നീക്കം ചെയ്യുന്നതിന്റെ മറവിലാണു മറ്റൊരു വലിയ ക്രമക്കേട് ഒരു വാര്‍ഡില്‍ കുറഞ്ഞത് 3 ലക്ഷം രൂപയാണു ചെലവഴിക്കുന്നത്. എന്തെങ്കിലും തൊഴില്‍ചെയ്യാനുള്ളതാണു തൊഴിലുറപ്പെന്ന സ്ഥിതിയാണു കേരളത്തിലെന്നും ഗ്രാമവികസനമന്ത്രാലയത്തിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

