തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ കേന്ദ്രസേന ഏറ്റെടുക്കും. ഗവര്‍ണര്‍ക്കും കേരള രാജ്ഭവനും സിആര്‍പിഎഫിന്റെ ഇസഡ് പ്ലസ് സുരക്ഷയാകും ഏര്‍പ്പെടുത്തുകയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിലൂടെ രാജ്ഭവൻ അറിയിച്ചു. എസ്പിജി കഴിഞ്ഞാൽ ഏറ്റവും ഉയർന്ന സുരക്ഷയാണ് സിആര്‍പിഎഫിന്റെ ഇസഡ് പ്ലസ്. സിആര്‍പിഎഫ് കമാൻഡോകൾക്ക് പുറമെ 55 സുരക്ഷാ ഉദ്യോഗസ്ഥരും അണിനിരക്കും.ബുള്ളറ്റ് പ്രൂഫ് വാഹനവും ആവശ്യമെങ്കിൽ എൻഎസ്ജി കമാൻഡോകളും സുരക്ഷയ്ക്കായി എത്തും. നിലവിൽ രാജ്യത്ത് 45 പേർക്കാണ് സിആര്‍പിഎഫിന്റെ ഇസഡ് പ്ലസ് സുരക്ഷ അനുവദിച്ചിരിക്കുന്നത്.
കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നേരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളെ തുടർന്നാണ് നടപടി. ഗവർണർ എത്തുന്നതിന് മണിക്കൂറുകൾക്ക് മുന്നേ പ്രതിഷേധക്കാർ റോഡിനിരുവശവും തമ്പടിച്ചെങ്കിലും അവരെ അറസ്റ്റ് ചെയ്ത് നീക്കാൻ കേരളാ പോലീസ് തയ്യാറാകാത്തത് കടുത്ത വിമർശനമാണ് വരുത്തി വച്ചത്. ക്ഷമയുടെ നെല്ലിപ്പലക കണ്ട ഗവർണർ റോഡിൽ ബാനർ പിടിച്ചു നിന്നവരുടെ അടുത്തേക്ക് പോയപ്പോൾ എസ്എഫ്ഐക്കാർ വിരണ്ടു. പ്രതിഷേധക്കാർക്കെതിരേ കേസെടുത്തതിന്റെ എഫ്ഐആർ ലഭിച്ചാൽ മാത്രമേ തിരികെ പോകൂ എന്നായിരുന്നു ഗവർണർ പറഞ്ഞത്.പോലീസ് എഫ്ഐആർ രേഖപ്പെടുത്തി അതിന്റെ രേഖകൾ ഗവർണറെ കാണിച്ച് ബോധ്യപ്പെടുത്തിയ ശേഷമാണ് രണ്ട് മണിക്കൂറോളം നീണ്ട പ്രതിഷേധം അവസാനിപ്പിച്ച് അദ്ദേഹം മടങ്ങിയത്. എഫ്ഐആറിന്റെ പശ്ചാത്തലത്തിൽ സംഭവത്തെക്കുറിച്ച് കേന്ദ്ര സർക്കാരിൽ റിപ്പോർട്ട് ചെയ്യുമെന്നും ഗവർണർ പറഞ്ഞു. പാഞ്ഞടുത്ത പ്രതിഷേധക്കാർ കാറിന്റെ ഗ്ലാസിൽ അടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
തിരിച്ചറിയാത്ത അഞ്ചുപേർ ഉൾപ്പെടെ 17 പേർക്കെതിരേയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ 13 പേരെ എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 12 പേരുടെ പേരുവിവരങ്ങൾ എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഐപിസി. 143, 144, 147, 283, 353, 124, 149 എന്നീ ഏഴ് വകുപ്പുകൾ ചുമത്തിയാണ് പ്രതിഷേധക്കാർക്കെതിരെ എഫ്ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്. സിസിടിവി. ദൃശ്യങ്ങൾ അടക്കം കൂടുതൽ പരിശോധിച്ച് കൂടുതൽ പ്രതികളുണ്ടെങ്കിൽ അവർക്കെതിരേ നടപടി സ്വീകരിക്കാം എന്നും പോലീസ് ഗവർണർക്ക് ഉറപ്പ് കൊടുത്തു.
വാഹനത്തില്‍നിന്നും റോഡിലിറങ്ങി പ്രവര്‍ത്തകരോടും പോലീസിനോടും കയര്‍ത്ത ഗവര്‍ണര്‍ റോഡില്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസ് ആണെന്നും അവര്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന ഉറച്ച നിലപാടില്‍ റോഡിന് സമീപമിരുന്ന് പ്രതിഷേധിച്ച ഗവർണർ, പ്രതിഷേധക്കാർക്കെതിരേ കേസെടുത്ത് എഫ്ഐആർ രേഖകൾ കാണിച്ച ശേഷമായിരുന്നു മടങ്ങിയത്

