Wednesday, May 15, 2024
spot_img

മണിക്കൂറുകൾക്ക് മുമ്പ് റോഡിൽ സ്ഥാനം പിടിച്ചിട്ടും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാൻ മറന്ന് പോലീസ് ! നിലമേലിൽ ക്ഷമയുടെ നെല്ലിപ്പലക കണ്ട ഗവർണറിന് കാറിന് പുറത്തിറങ്ങി പ്രതിഷേധിക്കേണ്ടി വന്നത് പോലീസ് നിസ്സംഗത മൂലം ; ഗവർണർക്കെതിരായ ബാനറിനെത്തന്നെ വെയിലിനെ മറയ്ക്കാനായി തണലാക്കി പോലീസുകാരും ! നവകേരള സദസിന് സുരക്ഷയൊരുക്കിയതിന് പ്രശംസ ഏറ്റുവാങ്ങിയ പോലീസ്, ഗവർണറുടെ കാര്യത്തിൽ കവാത്ത് മറക്കുമ്പോൾ!

പോലീസിന്റെ കെടുകാര്യസ്ഥത എന്ന പ്രയോഗം പ്രാവർത്തികമായ മണിക്കൂറുകൾക്കാണ് നിലമേൽ ഇന്ന് സാക്ഷ്യം വഹിച്ചത്. പ്രകോപനപരമായ ബാനറുമായി സംസ്ഥാനത്തെ പ്രഥമ പൗരനെതിരെ എസ്എഫ്ഐ പ്രവർത്തകർ ഏറെ മുമ്പേ റോഡരികത്ത് സ്ഥാനം പിടിച്ചപ്പോൾ അവരെ മാറ്റാനുള്ള ഔചിത്യം പോലീസുകാർക്ക് ഉണ്ടായില്ല. ഇതിനിടെ വെയിലിനെ മറയ്ക്കാനായി ഗവർണർക്കെതിരായ ബാനറിനെത്തന്നെ ചില പോലീസുകാർ തണലാക്കുകയും ചെയ്തു.

നവകേരള സദസ് യാത്രയ്ക്കിടെ കരിങ്കൊടി കാട്ടാൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രി എത്തുന്നതിന് മണിക്കൂറുകൾക്ക് മുന്നേ അറസ്റ്റ് ചെയ്തു നീക്കിയ പോലീസ് തന്നെയാണ് ഇന്ന് എസ്എഫ്ഐക്കാരെ അറസ്റ്റ് ചെയ്യാതെ നോക്കി നിന്നത്. ദേശീയ പാതയുടെ ഇരുവശവും ഗവർണറെ കാത്ത് പ്രതിഷേധക്കാർ അണിനിരന്നപ്പോൾ അവരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള യാതൊന്നും നിലമേലിൽ കാണാത്തതാണ് അദ്ദേഹത്തെപ്രകോപിപ്പിച്ചത്.

ക്ഷമയുടെ നെല്ലിപ്പലക കണ്ട ഗവർണർ റോഡിൽ ബാനർ പിടിച്ചു നിന്നവരുടെ അടുത്തേക്ക് പോയപ്പോൾ എസ്എഫ്ഐക്കാർ വിരണ്ടു. പ്രതിഷേധക്കാർക്കെതിരേ കേസെടുത്തതിന്റെ എഫ്ഐആർ ലഭിച്ചാൽ മാത്രമേ തിരികെ പോകൂ എന്നായിരുന്നു ഗവർണർ പറഞ്ഞത്.പോലീസ് എഫ്ഐആർ രേഖപ്പെടുത്തി അതിന്റെ രേഖകൾ ഗവർണറെ കാണിച്ച് ബോധ്യപ്പെടുത്തിയ ശേഷമാണ് രണ്ട് മണിക്കൂറോളം നീണ്ട പ്രതിഷേധം അവസാനിപ്പിച്ച് അദ്ദേഹം മടങ്ങിയത്. എഫ്‌ഐആറിന്റെ പശ്ചാത്തലത്തിൽ സംഭവത്തെക്കുറിച്ച് കേന്ദ്ര സർക്കാരിൽ റിപ്പോർട്ട് ചെയ്യുമെന്നും ഗവർണർ പറഞ്ഞു. പാഞ്ഞടുത്ത പ്രതിഷേധക്കാർ കാറിന്റെ ഗ്ലാസിൽ അടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

തിരിച്ചറിയാത്ത അഞ്ചുപേർ ഉൾപ്പെടെ 17 പേർക്കെതിരേയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ 13 പേരെ എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 12 പേരുടെ പേരുവിവരങ്ങൾ എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഐപിസി. 143, 144, 147, 283, 353, 124, 149 എന്നീ ഏഴ് വകുപ്പുകൾ ചുമത്തിയാണ് പ്രതിഷേധക്കാർക്കെതിരെ എഫ്‌ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്. സിസിടിവി. ദൃശ്യങ്ങൾ അടക്കം കൂടുതൽ പരിശോധിച്ച് കൂടുതൽ പ്രതികളുണ്ടെങ്കിൽ അവർക്കെതിരേ നടപടി സ്വീകരിക്കാം എന്നും പോലീസ് ഗവർണർക്ക് ഉറപ്പ് കൊടുത്തു.

Related Articles

Latest Articles