Monday, May 20, 2024
spot_img

ദേശീയ വേതന നിയമത്തിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു: ജോലി സമയം ഒമ്പത് മണിക്കൂറായി പുനര്‍നിശ്ചയിക്കാന്‍ നിര്‍ദേശം, അഞ്ചു വര്‍ഷം കൂടുമ്പോള്‍ മിനിമം വേതനം പുതുക്കണം

ദില്ലി: സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം അടക്കം പുനര്‍നിശ്ചയിക്കാനുള്ള നിര്‍ദേശങ്ങള്‍ അടങ്ങുന്ന ദേശീയ വേതന നിയമത്തിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. തൊഴിലാളി എന്ന നിര്‍വചനത്തിന്റെ കീഴില്‍ വരുന്ന എല്ലാവര്‍ക്കും മിനിമം വേതനവും ബോണസും നിര്‍ബന്ധമാക്കുമെന്നത് അടക്കമുള്ള വ്യവസ്ഥകളും കരടില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിലവിലുള്ള തൊഴില്‍ സാഹചര്യത്തില്‍ കാതലായ മാറ്റങ്ങള്‍ നിര്‍ദേശിക്കുകയാണ് ദേശീയ വേതന നിയമത്തിന്റെ കരട്.

തൊഴിലുടമയ്ക്ക് കൂടുതല്‍ സേവനവും ജീവനക്കാരന് മെച്ചപ്പെട്ട വേതനവും ഉറപ്പുവരുത്തുക എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് നിര്‍ദേശങ്ങള്‍. കരടിലെ വ്യവസ്ഥകള്‍ നിയമമാകുമ്പോള്‍ രാജ്യത്തെ ജോലി സമയത്തില്‍ ഒരു മണിക്കൂറിന്റെ വര്‍ധനവുണ്ടാകും.

വിശ്രമസമയം അടക്കമാണ് ഒമ്പത് മണിക്കൂറായി രാജ്യത്തെ ജോലിസമയം പുനര്‍നിശ്ചയിക്കപ്പെടുക. ദിവസ വേതനം എട്ട് മണിക്കൂറും മാസവേതനം 26 ദിവസം എട്ട് മണിക്കൂറും അടിസ്ഥാനമാക്കിയാകും കണക്കാക്കുക. തൊഴിലാളി എന്ന നിര്‍വചനത്തിന് കീഴില്‍ വരുന്ന എല്ലാവര്‍ക്കും മിനിമം വേതനം അവകാശമാകുന്നുവെന്നതാണ് കരടിലെ സുപ്രധാന നിര്‍ദേശങ്ങളില്‍ മറ്റൊന്ന്.

അഞ്ച് വര്‍ഷം കൂടുമ്പോള്‍ മിനിമം വേതനം പുതുക്കണം. എല്ലാവര്‍ഷവും ഏപ്രില്‍ ഒന്ന്, ഒക്ടബേര്‍ ഒന്ന് തീയതികള്‍ അടിസ്ഥാനമാക്കി ഡിഎ തീരുമാനിക്കും. നിശ്ചിത പ്രതിമാസ തുകയില്‍ കവിയാത്ത വരുമാനമുള്ള എല്ലാവര്‍ക്കും ബോണസ് നല്‍കണം.

കരാറുകാരന്‍ മുഖേന ജീവനക്കാരെ നിയമിച്ച പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ കരാറുകാരന്‍ ബോണസ് നല്‍കണം. ഇത് കരാറുകാരനെക്കൊണ്ട് പാലിപ്പിക്കുക എന്നത് സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാകും. അങ്ങനെ സാധിച്ചില്ലെങ്കില്‍ സ്ഥാപനം ബോണസ് നല്‍കണമെന്നും കരടില്‍ നിര്‍ദേശിക്കുന്നു. മാധ്യമപ്രവര്‍ത്തകരുടെ ശമ്പളം നിശ്ചയിക്കാന്‍ സാങ്കേതിക സമിതിയെ നിശ്ചയിക്കാനുള്ള നിര്‍ദേശവും കരടില്‍ ഇടംപിടിച്ചു. നിലവിലുള്ള വേജ് ബോര്‍ഡ് സമ്പ്രദായത്തെ ഇത് ഇല്ലാതാക്കും.

Related Articles

Latest Articles