Wednesday, May 8, 2024
spot_img

അയോധ്യ വിധി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം

ദില്ലി: അയോധ്യ വിധി വരാനിരിക്കെ അക്രമ സംഭവങ്ങള്‍ തടയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. അയോധ്യ വിധിയില്‍ അനാവശ്യപ്രസ്താവനകള്‍ പാടില്ലെന്ന് കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിര്‍ദ്ദേശം നല്‍കി.

വിധി അനുകൂലമായാല്‍ ആഘോഷം പാടില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് അണികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിധി ബഹുമാനിക്കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. സമൂഹത്തിലെ ഐക്യ തകര്‍ക്കാന്‍ ആരെയും അനുവദിക്കരുത് എന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ ആബ്ബാസ് നഖ്വി പറഞ്ഞു.

മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നാണ് കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്. ‘മന്ത്രിമാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. വിധിയെക്കുറിച്ച് സര്‍ക്കാര്‍ കൂട്ടായി ആലോചിച്ച് പ്രതികരിക്കും. വ്യക്തിപരമായ പ്രസ്താവനകള്‍ മന്ത്രിമാര്‍ നടത്തരുത്. ‘ ഇതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാരുടെ യോഗം വിളിച്ച് പറഞ്ഞത്.

ബിജെപി നേതാക്കള്‍ക്ക് നേരത്തെ ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായും, വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നഡ്ഡയും അനാവശ്യ പ്രസ്താവന പാടില്ലെന്ന നിര്‍ദ്ദേശം നല്കിയിരുന്നു.

അയോധ്യയില്‍ നിരീക്ഷണം ശക്തമാക്കി. ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലെയും സമാധാന സമിതികള്‍ ശക്തിപ്പെടുത്താനും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചു.

Related Articles

Latest Articles