ദില്ലി: അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. അടുത്ത വര്‍ഷം മുതലുള്ള നീറ്റ് പരീക്ഷകള്‍ക്ക് ശിരോവസ്ത്രം ധരിക്കാനാണ് അനുമതി. ബുര്‍ക്ക, കൃപാണ്‍, കര ഉള്‍പ്പടെയുള്ളവയുടെ വിലക്കാണ് നീക്കിയത്. ഇവ ധരിച്ചെത്തുന്നവര്‍ ഒരു മണിക്കൂര്‍ മുന്‍പ് അധികൃതരെ വിവരം അറിയിക്കണമെന്നും കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം സര്‍ക്കുലറില്‍ പറയുന്നു.
ശരീരത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചവര്‍ അഡ്മിറ്റ് കാര്‍ഡ് കിട്ടുന്നതിന് മുന്‍പുതന്നെ അനുമതി തേടണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നത് കഴിഞ്ഞ വര്‍ഷം പരീക്ഷാ ഹാളില്‍ വിലക്കിയിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് 2020ലെ നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നതിനുള്ള വിലക്ക് നീക്കിയിരിക്കുന്നത്.

