ദില്ലി: തൊഴിലിടങ്ങളിൽ ചരിത്രം സൃഷ്ടിക്കുന്ന നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ. ഇഎസ്ഐ സ്കീമിലേക്ക് തൊഴിലാളികളും തൊഴിലുടമകളും നൽകേണ്ട വിഹിതത്തിൽ വൻ ഇളവ് പ്രഖ്യാപിച്ചാണ് കേന്ദ്രസർക്കാർ ചരിത്രം തിരുത്തുന്നത്. 22 വർഷത്തിൽ ഇതാദ്യമായാണ് ഈ നിരക്കിൽ കുറവ് വരുത്തുന്നത്.
ഇഎസ്‌ഐ നിരക്കുകള്‍ 6.5 ശതമാനത്തില്‍ നിന്ന് നാല് ശതമാനമായാണ് കുറച്ചത്. തൊഴിലാളികളുടെ വിഹിതം 1.75% ല്‍ നിന്ന് 0.75% ആയും കുറച്ചു. നിലവിലുള്ള ആനുകൂല്യങ്ങൾ അതേപടി നിലനിർത്തിയാണ് പരിഷ്‌കാരങ്ങൾ. ശേഷിക്കുന്ന തുക കേന്ദ്ര സർക്കാർ വഹിക്കുമെന്നും തീരുമാനമായി. പുതിയ നിരക്ക് ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരും.
പുതിയ നീക്കം 3.6 കോടി ജീവനക്കാർക്കും 12.85 ലക്ഷം തൊഴുലുടമകൾക്കും ഗുണം ചെയ്യും. കൂടുതൽ തൊഴിലാളികളെ സ്കീമിന് കീഴിൽ കൊണ്ടുവരാനും കൂടുതൽ പേർ സംഘടിത മേഖലയിലേക്ക് എത്തിച്ചേരാനും ഇത് സഹായകമാവുമെന്നാണ് പ്രതീക്ഷ. ഇതുവഴി സ്ഥാപനങ്ങൾക്ക് 5000 കോടി രൂപയുടെ വരെ ലാഭമുണ്ടാക്കുമെന്നും കരുതപ്പെടുന്നു.
2018–19 വർഷം മാത്രം തൊഴിലുടമകളിൽ നിന്ന് സർക്കാരിന് 22,379 കോടി രൂപ ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 13,662 കോടി ലഭിച്ച സ്ഥാനത്തായിരുന്നു ഇത്. വിഹിതത്തിൽ വന്ന ഈ വർധനയും നീക്കിയിരിപ്പും ഇഎസ്ഐ സ്ഥാപനങ്ങളുടെ നടത്തിപ്പിന് തികയുമെന്ന് മനസിലാക്കിയാണ് പങ്കാളിത്ത വിഹിതത്തിൽ കുറവു വരുത്താൻ സർക്കാർ തയാറായത്.

