Friday, October 23, 2026

തിരുപ്പതി പ്രസാദത്തിലെ മൃഗക്കൊഴുപ്പ്: അതിവേഗ നടപടിയുമായി കേന്ദ്രസർക്കാർ; ക്ഷേത്രങ്ങളിലെ പ്രസാദത്തിന്റെ ഗുണമേന്മ ശാസ്ത്രീയമായി പരിശോധിക്കാൻ കർണ്ണാടക സർക്കാർ; പ്രതികരിക്കാതെ കേരളത്തിലെ ദേവസ്വം ബോർഡുകൾ

തിരുവനന്തപുരം: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡു നിർമ്മിക്കാനെത്തിച്ച നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതിൽ അതിവേഗ നടപടിയുമായി കേന്ദ്രസർക്കാർ. അന്വേഷണം നടത്തി മായം ചേർക്കൽ നിരോധന നിയമം അനുസരിച്ച് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ഇന്നലെ പ്രതികരിച്ചിരുന്നു. മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ 100 ദിനങ്ങളുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുമായി വിശദമായി സംസാരിച്ചിരുന്നു. സംസ്ഥാന സർക്കാരിനോട് വിശദമായി റിപ്പോർട്ട് തേടിയതായും നദ്ദ പറഞ്ഞു. ഭക്ഷ്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിയും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ പക്കലുള്ള പരിശോധനാ റിപ്പോർട്ടുകൾ കൈമാറാനും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം മൃഗക്കൊഴുപ്പ് ചേർന്ന നെയ്യ് ക്ഷേത്രത്തിൽ വിതരണം ചെയ്‌ത തമിഴ്‌നാട് കമ്പനിക്കെതിരെ നടപടി സ്വീകരിച്ചതായി തിരുപ്പതി ദേവസ്ഥാനം എക്സിക്യൂട്ടീവ് ഓഫീസർ ശ്യാമള റാവു അറിയിച്ചു. തമിഴ്‌നാട്ടിലെ എ ആർ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിലവാരമില്ലാത്ത നെയ്യ് ക്ഷേത്രത്തിലെത്തിച്ചത്. കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. പ്രസാദത്തിന് ഉപയോഗിക്കുന്ന നെയ്യ് അടക്കമുള്ള ദ്രവ്യങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ക്ഷേത്രം സ്വീകരിച്ച നടപടികളെ കുറിച്ചും വാർത്താ സമ്മേളനത്തിൽ ശ്യാമളാ റാവു അറിയിച്ചു. ക്ഷേത്രങ്ങളിലെ പ്രസാദത്തിന്റെ ഗുണമേന്മ ശാസ്ത്രീയമായി പരിശോധിക്കുമെന്ന് കർണ്ണാടക സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ കേരളത്തിലെ ദേവസ്വം ബോർഡുകൾ ഇതുവരെയും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാർഷിക ഗവേഷണ സ്ഥാപനത്തിന്റെ ലാബിൽ നടത്തിയ പരിശോധനയിൽ ലഡു നിർമ്മാണത്തിന് കൊണ്ടുവന്ന നെയ്യിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് തെളിയുകയായിരുന്നു. പോത്തിന്റെ കൊഴുപ്പ്, മീനെണ്ണ, പന്നിയുടെ കൊഴുപ്പ് എന്നിവയാണ് നെയ്യിൽ മായം ചേർക്കാൻ ഉപയോഗിച്ചതെന്നാണ് കണ്ടെത്തിയത്. ഇത് ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാൻ ജഗൻമോഹൻ റെഡ്‌ഡി സർക്കാർ നടത്തിയ ഗൂഡാലോചയുടെ ഭാഗമായിരുന്നെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. ക്ഷേത്രങ്ങൾ നേരിടുന്ന ഇത്തരം ആക്രമണങ്ങൾ നേരിടാൻ സനാതന ധർമ്മ രക്ഷണ ബോർഡ് ദേശീയതലത്തിൽ രൂപീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി പവൻ കല്യാണും ഇന്നലെ അറിയിച്ചിരുന്നു.

Related Articles

Latest Articles