Tuesday, May 21, 2024
spot_img

ഇന്ത്യയുടെ അഭിമാന ദൗത്യം ചാന്ദ്രയാന്‍ 3; വിക്ഷേപണ ട്രയൽസ് ഐഎസ്ആർഒ പൂർത്തിയാക്കി

ദില്ലി: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണ ട്രയൽസ് ഐ എസ് ആർ ഒ പൂർത്തിയാക്കി. 24 മണിക്കൂർ നീണ്ട ട്രയൽ കഴിഞ്ഞ ദിവസമാണ് ഐഎസ്ആർഒ നടത്തിയത്. 2019 സെപ്റ്റംബറിൽ നടത്തിയ ചാന്ദ്രയാൻ രണ്ട് പരാജയമായിരുന്നു. അതിലെ കുറവുകൾ എല്ലാം നികത്തികൊണ്ടാണ് നാല് വർഷത്തിനിപ്പുറം ചാന്ദ്രയാൻ മൂന്ന് വിക്ഷേപിക്കുന്നത്. ഈ മാസം 14 ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ചാന്ദ്രയാൻ മൂന്നും വഹിച്ചു കൊണ്ടുള്ള എൽ വി എം ത്രീ കുതിച്ചുയരുക.

2019ലായിരുന്നു ചാന്ദ്രയാന്‍-2 വിക്ഷേപണം നടന്നത്. എന്നാല്‍ ചാന്ദ്രയാന്‍ 2 ദൗത്യത്തിന്റെ അവസാന ഘട്ടത്തില്‍ വിക്രം ലാന്‍ഡര്‍ നിയന്ത്രണം നഷ്ടമായി തകര്‍ന്നിരുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്നതിനു തൊട്ടുമുന്‍പായിരുന്നു ഐഎസ്ആര്‍ഒയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി ഉണ്ടായത്. ഇതേ തുടര്‍ന്നാണ് മൂന്നാം ദൗത്യനുള്ള ഐഎസ്ആര്‍ഒയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചത്. ഗഗന്‍യാന്‍, ആദിത്യ ഉള്‍പ്പെടെ സങ്കീര്‍ണ ദൗത്യങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ സജീവമായി നടക്കുന്നതിനിടെയാണ് ചന്ദ്രയാന്‍ 3 കൂടി ഐഎസ്ആര്‍ഒ ഏറ്റെടുത്തത്. 2020 നവംബറില്‍ ചാന്ദ്രയാന്‍ 3 യാഥാര്‍ത്ഥമാക്കാനുള്ള പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതോടെയാണ് ചാന്ദ്രയാന്‍ സ്വപ്‌നം സാധ്യമായത്.

ചാന്ദ്രയാന്‍ 2 പ്രൊജക്ട് ഡയറക്ടര്‍ ആയിരുന്ന എം വനിതയ്ക്ക് പകരം വീരമുത്തുവേലുവിനാണ് പ്രൊജക്ട് ഡയറക്ടര്‍ ചുമതല. ചാന്ദ്രയാന്‍ 2 മിഷന്‍ ഡയറക്ടര്‍ ആയിരുന്ന റിതു കരിദ്വാലിനെ പുതിയ ദൗത്യത്തിലും അതേ സ്ഥാനത്ത് നിലനിര്‍ത്തുകയായിരുന്നു.

Related Articles

Latest Articles