റായ്പൂർ: ഛത്തീസ്ഗഡിലെ സുരക്ഷാസേനാ ക്യാമ്പിന് നേരെ കമ്യൂണിസ്റ്റ് ഭീകരാക്രമണം. നാല് സേനാംഗങ്ങൾക്ക് പരിക്കേറ്റു. ബിജാപൂരിലെ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ക്യാമ്പിന് നേരെയാണ് ആക്രമണം സംഭവിച്ചിരിക്കുന്നത്.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം നടന്നത്. ഇരുളിന്റെ മറപറ്റി എത്തിയ ഭീകരർ ഗ്രനേഡ് ലോഞ്ചറുകൾ ഉപയോഗിച്ച് ക്യാമ്പിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ക്യാമ്പിന് പുറത്തായി സുരക്ഷാ ചുമതല വഹിച്ചിരുന്ന സേനാംഗങ്ങൾക്ക് ഉൾപ്പെടെയാണ് പരിക്ക് പറ്റിയിരിക്കുന്നത്. തുടർന്ന് സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരർക്ക് നേരെ പ്രത്യാക്രമണം നടത്തി. ഇതോടുകൂടി ഭീകരർ ഓടി രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ ജവാന്മാരിൽ രണ്ട് പേർ റായ്പൂരിലെ ആശുപത്രിയിലും, മറ്റ് രണ്ട് പേർ ബിജാപൂർ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. റായ്പൂരിൽ ചികിത്സയിലുള്ള ജവാന്മാരുടെ പരിക്കുകൾ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ ഭീകരർക്കായി ക്യാമ്പിന്റെ പരിസര മേഖലയിൽ സുരക്ഷാസേനയുടെ തിരച്ചിൽ തുടരുകയാണ്. സംഭവ ശേഷം ഇവർ നിബിഡ വന മേഖലയിലേക്ക് കടന്നെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ വനമേഖലകളിൽ ഉൾപ്പെടെ തിരച്ചിൽ പുരോഗമിക്കുകയാണ്.

