ദില്ലി : ഇന്ത്യയുടെ മണ്ണിലേക്ക് വീണ്ടും ചീറ്റകളെത്തുന്നു. ജനുവരി ഇരുപതോടെ 12 എണ്ണത്തെ കൂടി കൊണ്ട് വരും.അന്യം നിന്നു പോയ ചീറ്റയുടെ വംശത്തെ പുനരുജ്ജീവിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണ് ആക്ഷൻ പ്ലാൻ ഫോർ റീഇൻട്രൊഡക്ഷൻ ഓഫ് ചീറ്റ ഇൻ ഇന്ത്യ.ആഫ്രിക്കൻ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് 14-ഓളം ചീറ്റകളെ ഇന്ത്യയിലെത്തിക്കാനാണ് പദ്ധതിയിടുന്നത്. വംശനാശം സംഭവിച്ച ചീറ്റകളുടെ വംശത്തെ അഞ്ച് വർഷത്തിനുള്ളിൽ തിരികെയെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ചീറ്റകളെ കൊണ്ടു വരുന്നതിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ അംഗീകാരം നൽകിയിട്ടുണ്ടെന്നും അവസാന ചുവടുവെയ്പ്പായി ധാരണാ പത്രം ഒരാഴ്ചയ്‌ക്കുളളിൽ തയ്യാറാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബറിൽ പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ നമീബിയയിൽ നിന്നും എട്ട് ചീറ്റകളെ എത്തിച്ചിരുന്നു. അഞ്ച് പെൺപുലികളും മൂന്ന് ആൺ പുലികളുമാണ് മദ്ധ്യപ്രദേശിൽ ആദ്യമെത്തിയത്. ഇവ ഇന്ത്യയിൽ സുരക്ഷിതരായും ആരോഗ്യവാൻമാരായും കഴിഞ്ഞുവരികയാണ്. ഇതോടെയാണ് കൂടുതൽ ചീറ്റകളെ എത്തിക്കാൻ തീരുമാനിച്ചത്.2022 ജൂലൈയിൽ ആയിരുന്നു 12 ചീറ്റകളെ കൂടി ആവശ്യപ്പെട്ട് രാജ്യം ദക്ഷിണാഫ്രിക്കയ്‌ക്ക് ധാരണാപത്രം നൽകിയത്.

