ചെന്നൈ: ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ ആക്രമിച്ചതിനും അനുവാദമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയതിനും മുൻ മിസ്റ്റര്‍ വേള്‍ഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുതവണ മിസ്റ്റര്‍ വേൾഡും നാലുതവണ മിസ്റ്റര്‍ തമിഴ്നാടുമായിട്ടുള്ള ചെന്നൈ സ്വദേശി ആര്‍.മണികണ്ഠനാണ് പിടിയിലായത്.
സെലിബ്രിറ്റികളുടേയും ഉന്നതരുടേയും ഫിസിക്കൽ ട്രെയിനർ കൂടിയാണ് മണികണ്ഠൻ. സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പമായിരുന്നു കഴിഞ്ഞ ഒരു വർഷമായി ഇയാളുടെ താമസം. മറ്റ് ചില സ്ത്രീകളുമായും മണികണ്ഠന് ബന്ധം ഉണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് ഒപ്പം താമസിച്ചിരുന്ന യുവതിയെ മണികണ്ഠൻ ആക്രമിച്ചത്.
പാലവാക്കം സ്വദേശിനിയായ 31 കാരിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. 2019-ലാണ് യുവതി സോഷ്യൽ മീഡിയ വഴി മണികണ്ഠനെ പരിചയപ്പെട്ടത്. പരിചയപ്പെട്ട് ഒരുവര്‍ഷത്തിന് ശേഷം ഒരുമിച്ച് ജീവിക്കുകയ്യായിരുന്നു.മണികണ്ഠന്‍ യുവതിയുടെ സ്വകാര്യഭാഗങ്ങളുടെ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തിയിരുന്നു. ഇത് യുവതി കണ്ടെത്തിയതോടെയാണ് പ്രശ്നങ്ങളുടലെടുത്തത്.
മണികണ്ഠന്‍ തന്നെ ഭീഷണിപ്പെടുത്തുകയാമെന്നും, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നും യുവതി ആരോപിച്ചു. യുവതിയുടെ പോസ്റ്റ് വൈറലായതോടെ പൊലീസ് കേസെടുത്തു. തുടര്‍ന്ന് യുവതിയെ ചോദ്യം ചെയ്ത ശേഷം മണികണ്ഠനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളിൽ നിന്ന് ഒരു ഐഫോൺ പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി.

