Tuesday, September 29, 2026

കേരളത്തിന്‍റെ കണ്ണ് എന്ന് തുറക്കും? അപകടമരണത്തെ തുടര്‍ന്ന് ചെന്നൈയില്‍ ഇത് വരെ നീക്കിയത് മൂവായിരത്തോളം ഫ്ലക്സ് ബോര്‍ഡുകള്‍

ചെന്നൈ: ഫ്ലക്സ് ബോർഡ് വീണ് യുവതി മരിച്ച സംഭവത്തെത്തുടർന്ന് ചെന്നൈയിൽ അനധികൃത ബോർഡുകള്‍ നീക്കം ചെയ്തു തുടങ്ങി. രണ്ടുദിവസങ്ങൾക്കുള്ളിൽ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽനിന്നായി മൂവായിരത്തോളം ബോർഡുകളാണ് കോർപ്പറേഷൻ അധികൃതരും സിറ്റി പോലീസും നീക്കിയത്.

ഇത്തരം ബോർഡുകൾ കണ്ടെത്തി നീക്കംചെയ്യാൻ പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്.പോലീസും കോർപ്പറേഷൻ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം പ്രത്യേകവാഹനത്തിൽ ബോർഡുകൾ കണ്ടെത്താൻവേണ്ടിമാത്രം റോന്തുചുറ്റുന്നുണ്ട്. മൂന്നുസംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്.

ചെന്നൈ പള്ളിക്കരണിയിൽ എ.ഐ.എ.ഡി.എം.കെ. നേതാവിന്റെ മകന്റെ വിവാഹത്തിന് സ്ഥാപിച്ച ബോർഡ് മറിഞ്ഞുവീണാണ് സോഫ്റ്റ്‌ വേർ എൻജിനിയറായ ശുഭശ്രീ (23) മരിച്ചത്. .വ്യാഴാഴ്ചനടന്ന അപകടത്തെത്തുടർന്ന് സ്വമേധയാ കേസെടുത്ത ഹൈക്കോടതി സംസ്ഥാനസർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

പൊതുസ്ഥലങ്ങളിൽ ബോർഡുകളും ബാനറുകളും നിരോധിച്ച ഉത്തരവ് നടപ്പാക്കാൻ എത്ര ജീവനുകൾ റോഡിൽ പൊലിയണമെന്നുചോദിച്ച കോടതി യുവതി മരിച്ച സംഭവത്തിൽ കേസെടുക്കാൻ വൈകിയതിനെയും ചോദ്യംചെയ്തു.

എ.ഐ.എ.ഡി.എം.കെ. മുൻ കൗൺസിലർ ജയഗോപാലിന്റെ മകന്റെ വിവാഹത്തോടനുബന്ധിച്ച് റോഡിൽ സ്ഥാപിച്ച ബോർഡാണ് മറിഞ്ഞുവീണത്. സംഭവത്തെത്തുടർന്ന് ജയഗോപാൽ ഒളിവിലാണ്.

Related Articles

Latest Articles