ചെന്നൈ: എം.ബി.ബി.എസ് സീറ്റ് നല്‍കാമെന്നു വാഗ്ദാനം ചെയ്ത് 57 ലക്ഷം രൂപയുടെ തട്ടിപ്പ്. അബുദാബിയില്‍ എന്‍ജിനീയറായ ചെങ്കല്‍പട്ട് സ്വദേശി ശ്രീനിവാസനാണ് തട്ടിപ്പിനിരയായത്. 2017-ല്‍ ശ്രീനിവാസന്റെ മകന് വെല്ലൂര്‍ സി.എം.സി മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് സീറ്റ് തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കേസില്‍ വൈദികൻ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെല്ലൂര്‍ സായ്നാഥപുരം ഫാദര്‍ സാധു സത്യരാജ്, തമിഴക മക്കള്‍ മുന്നേറ്റ കഴകം വെല്ലൂര്‍ ജില്ലാ സെക്രട്ടറി ദേവ, സഹോദരന് അന്‍പു എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ദേവ, അന്‍പു എന്നിവര്‍ നിരവധി ക്രിമിനല്‍ കേസുകളിലും പ്രതികളാണ്.
എന്നാല്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ശ്രീനിവാസന് പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ 2018-ല്‍ പ്രവേശനം ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കിയെങ്കിലും അതും നടന്നില്ല. തുടര്‍ന്നാണ് ശ്രീനിവാസന് വെല്ലൂര്‍ ക്രൈംബ്രാഞ്ച് പൊലീസില്‍ പരാതി നല്‍കിയത്. ഇതിനെതുടര്‍ന്ന് പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

