Tuesday, May 14, 2024
spot_img

മുഖ്യമന്ത്രിയുടെ മകൾക്ക് സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി! 1.72 കോടിയുടെ അനധികൃത ഇടപാട് കണ്ടെത്തിയത് ആദായനികുതി തർക്ക പരിഹാര ബോർഡ്‌!!

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ ലഭിച്ചത് 1.72 കോടി രൂപ. ഈ പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്ന് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ദില്ലി ബെഞ്ച് തീർപ്പു കൽപിച്ചു.

വീണയും വീണയുടെ മാത്രം സ്ഥാപനമായ എക്സാലോജിക് സൊല്യൂഷ്യൻസും ഐടി, മാർക്കറ്റിങ് കൺസൽറ്റൻസി, സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകാമെന്നു സിഎംആർഎലുമായി കരാറുണ്ടാക്കിയിരുന്നു. സേവനങ്ങളൊന്നും നൽകിയില്ല. എന്നാൽ, കരാർപ്രകാരം മാസം തോറും പണം നൽകിയെന്ന് സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ ആദായനികുതി വകുപ്പിനു മൊഴി നൽകി.

2017–20 കാലയളവിൽ മൊത്തം 1.72 കോടി രൂപയാണ് വീണയ്ക്കും എക്സാലോജിക്കിനുമായി ലഭിച്ചതെന്നും ഇതു നിയമവിരുദ്ധ പണമിടപാടാണെന്നും ആദായനികുതി വകുപ്പ് വാദിച്ചു. ലഭിക്കാതിരുന്ന സേവനങ്ങൾക്കാണ് പണം നൽകിയതെന്ന് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കാൻ ആദായനികുതി വകുപ്പിനു കഴിഞ്ഞിട്ടുണ്ടെന്ന് അമ്രപള്ളി ദാസ്, രാമേശ്വർ‍ സിങ്, എം.ജഗദീഷ് ബാബു എന്നിവർ ഉൾപ്പെട്ട സെറ്റിൽമെന്റ് ബോർഡ് ബെഞ്ച് വ്യക്തമാക്കി.

ബാങ്ക് മുഖേനയാണ് പണം നൽകിയത്. ബിസിനസ് ചെലവുകൾക്കു പണം നൽകുന്നത് ആദായനികുതി നിയമപ്രകാരം അനുവദനീയവുമാണ്. എന്നാൽ, വീണയ്ക്കും കമ്പനിക്കും നൽകിയ പണം നിയമവിരുദ്ധ ഇടപാടിന്റെ ഗണത്തിൽപെടുത്തണമെന്ന ആദായനികുതി വകുപ്പിന്റെ വാദം ബെഞ്ച് അംഗീകരിച്ചു. 2019 ജനുവരി 25ന് സിഎംആർഎലിന്റെ ഓഫീസിലും ഫാക്ടറിയിലും എംഡിയുടെയും പ്രധാന ഉദ്യോഗസ്ഥരുടെയും വീടുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 2013–14 മുതൽ 2019–20 വരെയുള്ള നികുതിയടവു രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കമ്പനിയുടെ ചെലവുകൾ പെരുപ്പിച്ചുകാട്ടി വൻതോതിൽ നികുതി വെട്ടിച്ചതായി പരിശോധനയിൽ കണ്ടെത്തി. സിഎംആർഎലും ശശിധരൻ കർത്തായും 2020 നവംബറിൽ നൽകിയ സെറ്റിൽമെന്റ് അപേക്ഷയിലാണ് കഴിഞ്ഞ ജൂൺ 12നു ബോർഡ് ഉത്തരവിട്ടത്.

ചില പ്രമുഖ രാഷ്ട്രീയ, ട്രേഡ് യൂണിയൻ നേതാക്കൾക്കും പോലീസിനും ഉദ്യോഗസ്ഥർക്കും മാദ്ധ്യമസ്ഥാപനങ്ങൾക്കും നിയമവിരുദ്ധമായി കോടിക്കണക്കിനു രൂപ നൽകിയതിന്റെ തെളിവുകൾ സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫിസർ കെ.എസ്.സുരേഷ് കുമാറിന്റെ വീട്ടിൽ‍ നടത്തിയ പരിശോധനയിലാണു ലഭിച്ചത്. സിഎംആർഎലുമായി വീണയും എക്സാ‌ലോജിക്കും ഉണ്ടാക്കിയ കരാറുകളുടെ രേഖയും ഈ പരിശോധനയിൽ ലഭിച്ചു.

വീണയിൽനിന്ന് ഐടി, മാർക്കറ്റിങ് കൺസൽറ്റൻസി സേവനങ്ങൾ ലഭിക്കാൻ 2016 ഡിസംബറിൽ സിഎംആർഎൽ കരാറുണ്ടാക്കി. സോഫ്റ്റ്‌വെയർ സേവനങ്ങൾക്കായി വീണയുടെ കമ്പനിയായ എക്സാലോജിക്കുമായി 2017 മാർച്ചിൽ മറ്റൊരു കരാറുണ്ടാക്കി. ഇവയനുസരിച്ച് വീണയ്ക്ക് പ്രതിമാസം 5 ലക്ഷം രൂപയും എക്സാലോജിക്കിന് പ്രതിമാസം 3 ലക്ഷവും നൽകണമായിരുന്നു.

ലഭ്യമായ കണക്കനുസരിച്ച് വീണയ്ക്ക് 55 ലക്ഷം, എക്സാലോജിക്കിന് 1.17 കോടി എന്നിങ്ങനെ മൊത്തം 1.72 കോടി രൂപ കിട്ടി. കരാർപ്രകാരമുള്ള സേവനങ്ങളെന്തെങ്കിലും ലഭിച്ചതായി തങ്ങൾക്കും അറിയില്ലെന്ന് സിഎംആർഎലിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ.എസ്.സുരേഷ്കുമാറും ചീഫ് ജനറൽ മാനേജർ പി.സുരേഷ്കുമാറും മൊഴി നൽകി. മൊഴി പിൻവലിക്കാനായി കർത്തായും കമ്പനി ഉദ്യോഗസ്ഥരും പിന്നീടു സത്യവാങ്മൂലത്തിലൂടെ ശ്രമിച്ചു. എന്നാൽ, നിയമവിരുദ്ധമായാണ് വീണയ്ക്കും എക്സാലോജിക്കിനും പണം നൽകിയതെന്ന വാദത്തിൽ ആദായനികുതി വകുപ്പ് ഉറച്ചുനിന്നു.

Related Articles

Latest Articles