Wednesday, May 15, 2024
spot_img

ചിരിച്ചിത്രങ്ങളുടെ ഗോഡ്ഫാദർ ഇനിയില്ല…! സംവിധായകൻ സിദ്ദിഖിന്റെ ഖബറടക്കം ഇന്ന് വൈകിട്ട്; അപ്രതീക്ഷിത വിടവാങ്ങലിൽ വിതുമ്പി സിനിമാലോകം

കൊച്ചി: അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്‍റെ ഖബറടക്കം ഇന്ന് വൈകീട്ട് നടക്കും. രാവിലെ സിദ്ദിഖിന്‍റെ ഭൗതിക ശരീരം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രാവിലെ ഒന്‍പത് മണി മുതല്‍ പന്ത്രണ്ട് മണിവരെയാണ് കൊച്ചി പൌരവലിക്കും, സിനിമ രംഗത്തുള്ളവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഉണ്ടാകും. തുടര്‍ന്ന് മൃതദേഹം അദ്ദേഹത്തിന്‍റെ വസതിയിലേക്ക് കൊണ്ടുപോകും. വൈകീട്ട് 6 മണിക്ക് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലായിരിക്കും ഖബറടക്കം നടക്കുക.

അതേസമയം, പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. സിനിമയിലും ജീവിതത്തിലും സിദ്ദിഖ് തനിക്കൊരു ബിഗ്ബ്രദർ ആയിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചുവെന്ന് നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

വളരെ പ്രിയപെട്ടവരുടെ തുടരേയുള്ള വേർപാടുകളും അതുണ്ടാക്കുന്ന അതിരില്ലാത്ത ദുഃഖവും അനുഭവിച്ചുകൊണ്ട് തന്നെ സ്വന്തം സിദ്ദിഖിന് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നാണ് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഏറ്റവും മികച്ച ഹിറ്റ് മേക്കർമാരിൽ ഒരാളെയാണ് സിനിമാലോകത്തിന് നഷ്ടമായതെന്നും തന്റെ കുടുംബത്തിന് അദ്ദേഹം നൽകിയ സ്‌നേഹവും ആദരവും എക്കാലവും നിലനിൽക്കുമെന്നും കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംവിധായകൻ സിദ്ദിഖ് അന്തരിച്ചത്. 63 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരുമാസമായി ചികിത്സയിലായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തിന് പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു.

Related Articles

Latest Articles