കോഴിക്കോട്: അകന്നു കഴിയുന്ന ഭാര്യ കാമുകന്റെ സഹായത്തോടെ ആറ് വയസുകാരനായ മകനെ തട്ടിക്കൊണ്ടുപോയതായി യുവാവിന്റെ പരാതി. കോഴിക്കോട് കൊടിയത്തൂർ ചെറുവാടി സ്വദേശി ബജീഷ് ആണ് തിരുവമ്പാടി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. കുട്ടിയെ കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ച ബജീഷിന്റെ സഹോദരിയെ ഇരുവരും ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
ദാമ്പത്യ പ്രശ്‌നങ്ങളെ തുടർന്ന് ബജീഷും ഭാര്യ ശരണ്യയും കുറച്ചുകാലമായി അകന്നുകഴിയുകയാണ്. കോടതി ഉത്തരവ് പ്രകാരം നിലവിൽ മകൻ ബജീഷിനൊപ്പമാണ് കഴിയുന്നത്. ബജീഷിന്റെ സഹോദരി ബബിതയുടെ മരഞ്ചാട്ടിയിലെ വീട്ടിലായിരുന്നു മകനെ താമസിപ്പിച്ചിരുന്നത്. ബുധനാഴ്ച ഉച്ചയോടെ ശരണ്യയും കാമുകനായ ഷൈനു എന്നയാളും വീട്ടിലെത്തുകയും ബബിതയുമായി തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു.
തർക്കത്തിനിടെ ശരണ്യയും ഷൈനുവും ചേർന്ന് ബബിതയെ കത്തി കൊണ്ട് ആക്രമിച്ചു പരിക്കേൽപ്പിച്ചു. സഹോദരിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഇരുവരും കുട്ടിയെയും കൂട്ടി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായി ബജീഷ് പോലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. പരിക്കേറ്റ ബബിത ചികിത്സയിലാണ്.
നിലവിൽ ബജീഷും ശരണ്യയും തമ്മിലുള്ള വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്. മകനെ തന്റെ കൂടെ വിടാനാണ് കോടതി നിർദ്ദേശിച്ചിരുന്നതെന്ന് ബജീഷ് പറയുന്നു. സംഭവത്തിൽ തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

