Friday, April 26, 2024
spot_img

പാക് ഭീകരൻ അബ്ദുൾ റൗഫ് അസ്ഹറിനെ കരിമ്പട്ടികയിൽ പെടുത്താൻ അമേരിക്കയുടെയും ഇന്ത്യയുടേയും നിർദേശം; പാകിസ്ഥാന് വീണ്ടും സഹായമായി ചൈന

പാക് ഭീകരൻ അബ്ദുൾ റൗഫ് അസ്ഹറിനെ കരിമ്പട്ടികയിൽ പെടുത്താനുള്ള യുഎൻ നീക്കത്തിന് തടയിട്ട് ചൈന. ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ പ്രധാന നേതാക്കളിലൊരാളായ അബ്ദുൾ റൗഫ് അസ്ഹറിന് ഉപരോധം ഏർപ്പെടുത്താനുള്ള ശുപാർശ പരിഗണിക്കുന്നത് യുഎൻ രക്ഷാസമിതി മാറ്റിവച്ചു. അമേരിക്കയും ഇന്ത്യയും സംയുക്തമായാണ് ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിലിന് മുൻപാകെ ഇത്തരമൊരു നിർദ്ദേശം വച്ചത്.

ഈ ശുപാർശ സുരക്ഷാ കൗൺസിലിലുള്ള 15 അംഗങ്ങളും അംഗീകരിച്ചാൽ മാത്രമേ നടപ്പിലാക്കൂ. അബ്ദുൾ അസ്ഹറിന് ആഗോള യാത്രാ നിരോധനം ഏർപ്പെടുത്താനും, സ്വത്തുവകകൾ മരവിപ്പിക്കാനുമുള്ള നീക്കത്തിനാണ് ചൈന തടയിട്ടത്. ജെയ്ഷ് ഇ മുഹമ്മദ് സ്ഥാപകനായ മസൂദ് അസ്ഹറിന്റെ സഹോദരനാണ് അബ്ദുൾ റൗഫ് അസ്ഹർ. 1999ലെ വിമാനം റാഞ്ചലിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് ഇയാൾ.

കഴിഞ്ഞ 2 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ചൈന പാകിസ്താനെ സഹായിക്കാനായി വീറ്റോ അധികാരം ഉപയോഗിക്കുന്നത്. പാക് ഭീകരനായ അബ്ദുൾ റഹ്മാൻ മക്കിയെ കരിമ്പട്ടികയിൽ പെടുത്താനുള്ള നീക്കത്തിന് ജൂൺ മാസത്തിൽ ചൈന തടയിട്ടിരുന്നു. അന്നും അമേരിക്കയും ഇന്ത്യയുമാണ് യുഎന്നിൽ നിർദ്ദേശം മുന്നോട്ട് വച്ചത്. ലഷ്‌കർ ഭീകരനായ ഹാഫിസ് സയ്ദിനെ ആഗോള തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിനും ചൈന തടയിടുകയായിരുന്നു.

Related Articles

Latest Articles