ഷാന്‍ഹായ്: കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തക ഷാങ് സാങ്ങിനെ മോചിപ്പിച്ചതായി ചൈനീസ് ഉദ്യോഗസ്‌ഥര്‍. എന്നാല്‍, അവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നു സഹപ്രവര്‍ത്തകര്‍.
വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 വൈറസിനെ കുറിച്ച് വാർത്ത പുറത്തുവിട്ട സിറ്റിസൺ ജേണലിസ്റ്റും അഭിഭാഷകയുമായ ഷാങ് സാങ്ങിനെ നാലു വര്‍ഷത്തെ ജയില്‍ വാസത്തിനാണ് വിധിച്ചത്. ജയില്‍ശിക്ഷയുടെ കാലാവധി പൂര്‍ത്തിയാകുകയും ചെയ്‌തു. എന്നാൽ ഷാങ് സാങ് യഥാര്‍ഥത്തില്‍ മോചിപ്പിക്കപ്പെട്ടോയെന്ന് അറിവില്ലെന്ന് അവരെരുടെ സഹപ്രവർത്തകർ പറയുന്നു. അധികൃതര്‍ ഷാങ് സാങ്ങിന്റെ നിലവിലെ അവസ്‌ഥയെക്കുറിച്ച് നിശബ്‌ദതപാലിക്കുകയാണെന്നു മനുഷ്യാവകാശ സംഘടനകള്‍ കുറ്റപ്പെടുത്തി.
കോവിഡിന്റെ തുടക്കകാലത്ത് അഭിഭാഷകയായ ഷാങ് സാങ് ഉള്‍പ്പെടെയുള്ളവരാണു മഹാമാരിയെക്കുറിച്ചു ലോകത്തെ അറിയിച്ചത്. ഇങ്ങനെ തുറന്നുപറച്ചില്‍ നടത്തിയവരെ ഭരണകൂടം പിടിച്ചു ജയിലിലടയ്‌ക്കുകയും ചെയ്‌തു. ആക്‌ടിവിസ്‌റ്റുകള്‍ക്കു നേര്‍ക്ക് ഭരണകൂടം സ്‌ഥിരമായി ചുമത്തുന്ന വകുപ്പായ ‘കുഴപ്പങ്ങള്‍ സൃഷ്‌ടിക്കുന്നു’ എന്ന പേരിലായിരുന്നു അറസ്‌റ്റ്. സാങ്ങിന്റെ ആരോഗ്യനില വഷളായതിനാല്‍ മോചിപ്പിക്കണമെന്നു മനുഷ്യാവകാശ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു.
അവരെ രഹസ്യ സ്‌ഥലത്തേക്കു മാറ്റുകയോ, അല്ലെങ്കില്‍ കുറച്ചു കാലത്തേക്ക് പൊതുജനങ്ങളുടെ ശ്രദ്ധയില്‍നിന്ന് അകറ്റി നിര്‍ത്തുകയോ ആകാം സര്‍ക്കാര്‍ ചെയ്‌തതെന്നാണ് സഹപ്രവര്‍ത്തകര്‍ കരുതുന്നത്.

