Thursday, May 2, 2024
spot_img

ചൈനയ്ക്ക് വീണ്ടും തിരിച്ചടി ; ഭാരതത്തിനും അഫ്ഗാനിസ്ഥാനും പിന്നാലെ ടിക് ടോക്ക് നിരോധിച്ച് നേപ്പാൾ ; സാമൂഹിക ഐക്യത്തിന് ഹാനികരമാണെന്ന് നേപ്പാൾ സർക്കാർ

കാഠ്മണ്ഡു : ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്ക് നിരോധിച്ച് നേപ്പാൾ. ഇന്ത്യയ്‌ക്കും അഫ്ഗാനിസ്ഥാനും ശേഷം ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കുന്ന ദക്ഷിണേഷ്യയിലെ മൂന്നാമത്തെ രാജ്യമാണ് നേപ്പാൾ. നേപ്പാൾ സർക്കാരിന്റെ കാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ടിക് ടോക്ക് നേപ്പാളിനുള്ളിലെ സാമൂഹിക ഐക്യത്തിന് ഹാനികരമാണെന്നും അതിനാൽ നിരോധിക്കുന്നുവെന്നാണ് നേപ്പാൾ സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.

എന്തായാലും, നേപ്പാളിൽ സ്വാധീനം വർദ്ധിപ്പിക്കാൻ തുടർച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ചൈനയ്‌ക്കേറ്റ തിരിച്ചടിയാണ് ഇതിനെ വിലയിരുത്തുന്നത്. രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ ടിക് ടോക്ക് സാമൂഹിക ഘടനയെ വ്രണപ്പെടുത്തുകയാണെന്നും നേപ്പാൾ സർക്കാർ പറയുന്നു. നേപ്പാളിൽ കഴിഞ്ഞ നാല് വർഷത്തിനിടെ 1,629 സൈബർ ക്രൈം കേസുകളാണ് ടിക് ടോക്കുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

നിലവിൽ നേപ്പാളിൽ 22 ലക്ഷം ടിക് ടോക്ക് ഉപയോക്താക്കളാണുള്ളത്. നേപ്പാളിൽ ടിക് ടോക്കിലൂടെ ചൂതാട്ടവും വാതുവെപ്പും പോലും നടക്കുന്നുണ്ടെന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ടിക് ടോക്കിലെ അസഭ്യം വർദ്ധിക്കുന്നതിനാൽ നേപ്പാളിലെ പല മത സാംസ്കാരിക സ്ഥലങ്ങളിലും ടിക് ടോക്ക് വീഡിയോകൾ നിർമ്മിക്കുന്നത് നിരോധിച്ചിട്ടുണ്ട്. കൂടാതെ, ഈ സ്ഥലങ്ങളിൽ നോ ടിക് ടോക്ക് സൈൻ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, 2021ൽ ഇന്ത്യയും 2022ൽ അഫ്ഗാനിസ്ഥാനും ടിക് ടോക്ക് നിരോധിച്ചിരുന്നു.

Related Articles

Latest Articles