Sunday, April 28, 2024
spot_img

അനുമതി ഉണ്ടെങ്കിലും ഇല്ലെങ്കിലും നവംബര്‍ 23ന് കോഴിക്കോട് കടപ്പുറത്ത് തന്നെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തുമെന്ന് എം.കെ. രാഘവന്‍ എംപി! പ്രതികരണം റാലിക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിന് പിന്നാലെ

കോഴിക്കോട് : കോഴിക്കോട് കോണ്‍ഗ്രസ് നടത്താനിരുന്ന പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിന് പിന്നാലെ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന പ്രതികരണവുമായി എം.കെ. രാഘവന്‍ എംപി. അനുമതി ഉണ്ടെങ്കിലും ഇല്ലെങ്കിലും നവംബര്‍ 23ന് കോഴിക്കോട് കടപ്പുറത്ത് തന്നെ പരിപാടി നടത്തുമെന്നും ശശി തരൂര്‍ ഉള്‍പ്പടെ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

“വേദി ആവശ്യപ്പെട്ടപ്പോള്‍ ജില്ലാഭരണകൂടം ആദ്യം അനുകൂല നിലപാടാണ് സ്വീകരിച്ചത്. പണം അടയ്ക്കാന്‍ ചെന്നപ്പോളാണ് കടപ്പുറത്ത് വേദി അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാട് അറിയിച്ചത്. ഇത് തീര്‍ത്തും രാഷ്ട്രീയപരമാണ്. പലസ്തീന്‍ പരിപാടി നടത്തുന്നില്ലായെന്ന് വിമര്‍ശിക്കുന്ന സി.പി.എം, ഇതിന് വേദി അനുവദിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ നിഷേധിക്കുന്നു. ഇത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ്” – എം.കെ. രാഘവന്‍ എംപി പറഞ്ഞു.

വരുന്ന 23-നാണ് കോഴിക്കോട് ബീച്ചിൽ കോണ്‍ഗ്രസ് പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്താന്‍ തീരുമാനിച്ചിരുന്നത്. നവംബര്‍ 25 ന് ഇതേ സ്ഥലത്ത് വച്ച് നടക്കുന്ന നവകേരള സദസിൽ മുഖ്യമന്ത്രി ഉള്‍പ്പടെ മന്ത്രിമാര്‍ വരാനിരിക്കവേ ഇത് സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുമെന്നും കാണിച്ചാണ് അനുമതി നിഷേധിച്ചത്.

23-ന് വൈകുന്നേരം നാലരയോടെ 50000-ത്തോളം പേരെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിക്കാനായിരുന്നു കെപിസിസി തീരുമാനിച്ചിരുന്നത്. എല്ലാ മതേതര – ജനാധിപത്യ വിശ്വാസികളേയും റാലിയില്‍ അണിനിരത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ അറിയിച്ചിരുന്നു. പിന്നാലെ റാലിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കോഴിക്കോട് എംപി എം കെ രാഘവന്‍ ചെയര്‍മാനും ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍കുമാര്‍ കണ്‍വീനറുമായ സമിതിക്കും രൂപം നല്‍കിയിരുന്നു. കേരളത്തില്‍ രാഷ്ട്രീയ നേട്ടത്തിനും തെരഞ്ഞെടുപ്പ് ലാഭത്തിനുമായി പാലസ്തീന്‍ ജനതയുടെ ദുര്‍വിധിയെ ദുരുപയോഗം ചെയ്യുന്ന സിപിഎമ്മിന്റെ കപടത തുറന്നുകാട്ടുന്ന വേദികൂടിയാകും കോണ്‍ഗ്രസ് റാലിയെന്നും കെ. സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് ജില്ലാ ഭരണകൂടം പരിപാടിക്ക് അനുമതി നിഷേധിച്ചത്.

Related Articles

Latest Articles