ടോക്കിയോ: ചൈനയ്ക്ക് അന്ത്യശാസനം നൽകി ജപ്പാൻ (Japan). മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മുന്നറിയിപ്പ് സ്വരം കലർന്ന പ്രസ്താവന ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗി നുള്ള ശക്തമായ മറുപടിയാണെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തായ്‌വാനിലെ പ്രശസ്ത ചിന്തകന്മാരുടെ യോഗത്തിൽ പങ്കെടുത്തുകൊണ്ടാണ് ജപ്പാൻ മുൻ പ്രധാനമന്ത്രി ചൈനയ്‌ക്ക് താക്കീത് നൽകിയത്.
ഈ വിഷയത്തിൽ അമേരിക്കയും തായ്‌വാന് പൂർണ്ണ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ തായ്‌വാന് നേരെ ചൈന നടത്തുന്ന സായുധ നീക്കം ജപ്പാന് നേരെ നീങ്ങുന്നതിന് തുല്യമാണ്.
തായ്‌വാനുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും ജപ്പാനും ബാധകമാണ്. ചൈനയുടെ പ്രസിഡന്റ് ഷീ ജിംഗ് പിംഗിന് ഈ സാഹചര്യത്തിൽ യാതൊരു തെറ്റിദ്ധാരണയുമില്ലെന്നും ആബെ വ്യക്തമാക്കി. നിലവിലെ മിസൈലുകളുടെ ശേഷി അഞ്ചിരട്ടിയാക്കാൻ ജപ്പാൻ തീരുമാനിച്ചതിന് പിന്നാലെയാണ് തായ്‌വാന് പിന്തുണ ശക്തമാക്കുന്നത്.
100-200 കിലോമീറ്റർ ദൂരം പോകുന്ന മിസൈലുകൾക്ക് പകരം ആയിരം കിലോമീറ്റർ ദൂരത്തിലെ ശത്രുക്ക ളുടെ ലക്ഷ്യസ്ഥാനം തകർക്കുന്ന പ്രതിരോധ വിന്യാസമാണ് ജപ്പാൻ നടത്തുന്നത്. മുൻകാലങ്ങളിൽ ജപ്പാനും ചൈനയും ദക്ഷിണ കൊറിയയും മേഖലയിൽ ആയുധങ്ങൾ സംഭരിക്കുന്നതിൽ ഒരു മാന്യത പ്രദർശിപ്പിച്ചിരുന്നു. എന്നാൽ ചൈനയാണ് അതിനെ തകിടംമറിച്ച് അക്രമസ്വഭാവത്തിലേക്ക് നയിച്ചതെന്നും ജപ്പാൻ ആരോപിച്ചു.
അതേസമയം ജനാധിപത്യ ഭരണ രീതി നിലനിൽക്കുന്ന തായ്‌വാനു മേൽ ദശാബ്ദങ്ങളായി ചൈന അവകാശമുന്നയിക്കുന്നുണ്ട്. സമാധാനപൂർണമായി മുന്നോട്ടു പോകുവാൻ ആഗ്രഹിക്കുന്നുവെന്നും, എന്നാൽ, തങ്ങളുടെ പരമാധികാരത്തിന് മുകളിലുള്ള കടന്നുകയറ്റത്തെ പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നുമാണ് തായ്‌വാൻ ഇക്കാര്യത്തിൽ പ്രതികരിക്കാറുള്ളത്.

