Friday, May 17, 2024
spot_img

പ്രകോപനത്തിന് ശ്രമിച്ചവർക്ക് തക്ക മറുപടി നൽകി!!! ചൈനയ്ക്ക് ചുട്ടമറുപടി നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്

ദില്ലി: അതിർത്തിയിൽ പ്രകോപനത്തിന് ശ്രമിച്ചവർക്ക് തക്ക മറുപടി നൽകിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് (Rajnath Singh). ഇന്ത്യയും ചൈനയും ചേർന്ന പ്രത്യേക ഉന്നതതല യോഗത്തിലായിരുന്നു പ്രതിരോധ മന്ത്രിയുടെ രൂക്ഷ പ്രതികരണം. പതിമൂന്ന് വട്ടം ചേര്‍ന്ന കമാന്‍ഡര്‍ തല ചര്‍ച്ചയിലും തീര്‍പ്പാകാത്ത അതിര്‍ത്തി വിഷയമാണ് ഇന്ന് വീണ്ടും ചര്‍ച്ചയ്ക്ക് വിധേയമാക്കിയത്. വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ ഓൺ ഇന്ത്യ ചൈന ബോർഡർ അഫയേഴ്‌സ് യോഗമാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെയും ചൈനയിലെയും നയതന്ത്ര സൈനിക ഉദ്യോഗസ്ഥരുടെ വെര്‍ച്വല്‍ യോഗമാണ് ചേർന്നത്. ദോക് ലാം, ഹോട്ട്സ് പ്രിംഗ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പിന്മാറ്റമാണ് പ്രധാന ചര്‍ച്ചാ വിഷയം. ഒരു വേള പിന്മാറിയെ മേഖലകളിലേക്ക് വീണ്ടും ചൈനീസ് സൈന്യം കടന്നുകയറിയ നടപടിയും യോഗത്തില്‍ ചര്‍ച്ചയാകും. അതേസമയം ദോക്​ലാമില്‍ ഭൂട്ടാന്റെ ഭാഗത്ത് ചൈന നാല് ഗ്രാമങ്ങള്‍ പണികഴിപ്പിച്ചു. നൂറ് ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് ചൈന ഗ്രാമങ്ങള്‍ പണിതത്. 2017ല്‍ ഇന്ത്യ-ചൈന സംഘര്‍ഷം നടന്ന മേഖലയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത്.ഭൂട്ടാന് രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെയാണ് പുതിയ ഗ്രാമങ്ങള്‍ പണിതിരിക്കുന്നത്. ഉപഗ്രഹ ചിത്രങ്ങള്‍വെച്ചുള്ള വിലയിരുത്തലാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. 2020 മാര്‍ച്ചിന് ശേഷമാണ് ഗ്രാമങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ഈ പ്രദേശത്തിന് സമീപമാണ് 2017ല്‍ ദോക്​ലാമില്‍ ഇന്ത്യയും ചൈനയും തമ്മില്‍ വലിയ സംഘര്‍ഷമുണ്ടായത്. ഇന്ത്യയാണ് വിദേശനയങ്ങളിലും മറ്റും ഭൂട്ടാനുമായി സഹകരിക്കുന്നതും ഉപദേശങ്ങള്‍ നല്‍കുന്നതും. ഭൂട്ടാന്‍ സേനയെ പരിശീലിപ്പിക്കുന്നതും ഇന്ത്യയാണ്.

ഭൂട്ടാനുമായി അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതിന് ചൈന വലിയ സമ്മര്‍ദം ചെലുത്തുന്നുമുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഭൂട്ടാന് സമീപത്തായി നാല് ഗ്രാമങ്ങള്‍ പണിതിരിക്കുന്നത്. നേരത്തെ അരുണാചല്‍ പ്രദേശിന് സമീപത്തും ചൈന ഗ്രാമങ്ങള്‍ പണിതിരുന്നു. സൈനിക വിന്യാസത്തിനായിരുന്നു ഇത്. യുദ്ധസമാനമായ സാഹചര്യമുണ്ടായാല്‍ സൈനിക നീക്കങ്ങള്‍ക്കായി ഗ്രാമങ്ങളെ ഒഴിപ്പിക്കാനാണ് ദോക്​ലാമിലും സമാനമായ നീക്കം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് ദോക്​ലാമില്‍ ഈ നിര്‍മാണം നടത്തിയിരിക്കുന്നതെന്ന് പുറത്ത് വന്നിട്ടുള്ള സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Related Articles

Latest Articles