Sunday, May 19, 2024
spot_img

ഒടുവിൽ ചൈനയും കൈവിട്ടു: കശ്മീർ പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം; പാകിസ്ഥാന്‍റെ യാചന വിഫലം

ബീജിംഗ്: കശ്മീർ പ്രശ്നത്തിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി ചൈനീസ് വിദേശകാര്യ മന്ത്രാലയം. കശ്മീർ പ്രശ്നം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളതാണെന്നും അത് ഇരു രാഷ്ട്രങ്ങളും തമ്മിൽ ചർച്ച ചെയ്ത് പരിഹരിക്കേണ്ടതാണെന്നും ചൈന വിശദീകരിച്ചു. പ്രശ്നത്തിൽ ചൈനീസ് നിലപാട് ഇന്ത്യയ്ക്ക് എതിരെ ഉപയോഗിക്കാമെന്ന പാകിസ്ഥാന്‍റെ തന്ത്രം ഇതോടെ പാളി.

പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുടെ ചൈനീസ് സന്ദർശനത്തിനിടെയാണ് ചൈന നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ആർട്ടിക്കിൾ-370 പിൻവലിച്ച ഇന്ത്യയുടെ നടപടി ഏകപക്ഷീയവും ക്രമവിരുദ്ധവുമാണെന്ന് പാകിസ്ഥാൻ ആരോപിച്ചിരുന്നു. വിഷയം ഐക്യരാഷ്ട്ര സഭയിൽ ഉന്നയിക്കുമെന്നും പാകിസ്ഥാൻ വ്യക്തമാക്കിയിരുന്നു.

കശ്മീർ വിഷയത്തിൽ ഏകപക്ഷീയമായ നിലപാട് ഇരു രാഷ്ട്രങ്ങളും കൈക്കൊള്ളുന്നത് ശരിയല്ലെന്ന് ചൈന നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്‍റെ ത്രിദിന ചൈനീസ് സന്ദർശനം തിങ്കളാഴ്ച ആരംഭിക്കും. ചൈനീസ് വിദേശകാര്യ വകുപ്പ് മന്ത്രി വാംഗ് യിയുമായി അദ്ദേഹം പല അന്താരാഷ്ട്ര വിഷയങ്ങളും ചർച്ച ചെയ്യും. കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ രണ്ടാമതും അധികാരമേറ്റതിന് ശേഷമുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ ആദ്യ ചൈന സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്.

ഇന്ത്യക്ക് മുൻപേ ചൈനയിലെത്തി പിന്തുണ നേടാമെന്നുള്ള പാകിസ്ഥാന്‍റെ മോഹത്തിനാണ് കനത്ത തിരിച്ചടി ഏറ്റിരിക്കുന്നത്. ചൈനീസ് പ്രസിഡന്‍റിന്‍റെ ഇന്ത്യാ സന്ദർശനം അടുത്തിരിക്കുന്ന വേളയിൽ ചൈനയുടെ ഈ നിലപാട് ഇന്ത്യൻ ശ്രമങ്ങൾക്ക് പ്രതീക്ഷ പകരുന്നതാണ്.

Related Articles

Latest Articles