Monday, May 6, 2024
spot_img

ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിനെ പ്രശംസിച്ച് ശ്രീലങ്കന്‍ ബുദ്ധമത സന്യാസികള്‍ ; തീരുമാനം ഇന്ത്യ-ശ്രീലങ്ക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും

കൊളംബോ: ബുദ്ധമത ഭൂരിപക്ഷമുള്ള ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയ നടപടിയെ പ്രശംസിച്ച് ശ്രീലങ്കയിലെ പ്രമുഖ ബുദ്ധമത സന്യാസികള്‍. ദ്വീപ് രാജ്യത്തെ ഏറ്റവും ആദരണീയരായ മാല്‍വാട്ടയിലെ മഹാനായക് തെരാസ്, സിയാം നികയിലെ അസാഗിരിയ എന്നീ ബുദ്ധമത സന്യാസികളാണ് ഇന്ത്യന്‍ നടപടിയെ സ്വാഗതം ചെയ്തത്.

ഈ തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ബുദ്ധസന്യാസിമാരുടെ പ്രസ്താവനയിലുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള മത, രാഷ്ട്രീയ, സാംസ്‌കാരിക ബന്ധത്തെ കൂടുതല്‍ ബലപ്പെടുത്തുകയും ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുമെന്നും പ്രസ്താവനയില്‍ ഇരുവരും വ്യക്തമാക്കുന്നു.

ഇന്ത്യയിലെ വ്യത്യസ്ത സമൂഹത്തില്‍പ്പെട്ടവരെ ഐക്യത്തോടെ കൊണ്ടുപോകുകയും സംരക്ഷിക്കുന്നതിനുമുപരി 70 ശതമാനത്തോളം ബുദ്ധമത ജനസംഖ്യയുള്ള ലഡാക്കിനെ പ്രത്യേക സംസ്ഥാനമായി അംഗീകരിച്ചത് ബുദ്ധമത രാജ്യമായ ശ്രീലങ്കയ്ക്ക് ഏറെ അഭിമാനവും ഒപ്പം സന്തോഷവും നല്‍കുന്നുവെന്ന് മാല്‍വാട്ടയിലെ തിബ്ബതുവാവെ സിദ്ധാര്‍ഥ സുമാംഗല മഹാ നായക തേര തന്‍റെ പ്രസ്താവനയില്‍ പറഞ്ഞു.

ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കാനുള്ള തീരുമാനത്തെ താന്‍ വളരെയധികം അഭിനന്ദിക്കുന്നുവെന്ന് അസ്ഗിരിയയിലെ വരകഗോഡ ജ്ഞാനരതന്‍ മഹാനായക് തേര പറഞ്ഞു. ലഡാക്ക് പ്രദേശത്തേക്ക് തീര്‍ഥാടനം നടത്തുന്ന ലോകമെമ്പാടുമുള്ള ബുദ്ധമതക്കാര്‍ക്ക് ഇത് ഒരു അനുഗ്രഹമാകുമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇരുവര്‍ക്ക് പുറമെ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും ഇന്ത്യന്‍ നടപടിയെ പ്രശംസിച്ചു. ലഡാക്ക് ഒടുവില്‍ കേന്ദ്രഭരണ പ്രദേശമായി മാറുമെന്ന് മനസ്സിലാക്കുന്നു. 70 ശതമാനത്തിലധികം ബുദ്ധമത ഭൂരിപക്ഷമുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണിത്. ലഡാക്കിന്‍റെ രൂപീകരണവും അതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളാണ്. താന്‍ ലഡാക്ക് സന്ദര്‍ശിച്ചിട്ടുണ്ട്, ഇത് സന്ദര്‍ശിക്കേണ്ട പ്രദേശമാണ്, വിക്രമസിംഗെ ട്വിറ്ററില്‍ കുറിച്ചു.

തിങ്കളാഴ്ചയാണ് ജമ്മുകശ്മീരിനു നല്‍കിയിരുന്ന പ്രത്യേക പദവിയായ ആര്‍ട്ടിക്കിള്‍-370 കേന്ദ്രസര്‍ക്കാര്‍ എടുത്തു കളഞ്ഞത്. തുടര്‍ന്ന് ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയായിരുന്നു. ജമ്മുകശ്കീരിന് സ്വന്തമായി നിയമസഭയും ലഡാക്കിന് കേന്ദ്രഭരണവുമായിരിക്കും ഉണ്ടാകുക.

Related Articles

Latest Articles