ബീജിംഗ്: ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരികെയെത്താൻ ഉടൻ വിസ നൽകുമെന്ന് ചൈന. കൊറോണയെ തുടർന്ന് തിരികെ പോകാൻ കഴിയാത്തവർക്ക് ആശ്വാസമാകുന്നതാണ് നടപടി. കടുത്ത കൊറോണ നിയന്ത്രണങ്ങൾ ഒഴിവാക്കിക്കൊണ്ടാണ് ചൈനയുടെ പ്രഖ്യാപനം. വിദ്യാർത്ഥികൾക്ക് പുറമെ ഇന്ത്യക്കാരുടെ ബിസിനസ് വിസയ്‌ക്കുള്ള നിയന്ത്രണങ്ങൾ ഉൾപ്പെടെ നീക്കുന്നുണ്ട്.
ദില്ലിയിലെ ചൈനീസ് എംബസിയാണ് ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തിയത്. വിദ്യാർത്ഥികൾക്കും, ചൈനയിൽ ജോലി ചെയ്യുന്നവരുടെ കുടുംബങ്ങൾക്കും, ബിസിനസുകാർക്കും ഉൾപ്പെടെയുള്ള വിസാ നിയന്ത്രണങ്ങളാണ് എടുത്തു മാറ്റിയത്. ചൈനീസ് വിദേശകാര്യമന്ത്രാലയത്തിലെ ഏഷ്യൻ വകുപ്പ് കൗൺസിലർ ജി റോങും വിദ്യാർത്ഥികളെ തിരികെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്. “ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ. നിങ്ങളുടെ ക്ഷമ ഏറെ വിലപ്പെട്ടതാണെന്ന് തെളിയിച്ചിരിക്കുകയാണ്. ചൈനയിലേക്ക് തിരികെ സ്വാഗതം” എന്നും ജി റോങ്ങിന്റെ ട്വീറ്റിൽ പറയുന്നു.
23,000 ത്തോളം വിദ്യാർത്ഥികളാണ് ഇന്ത്യയിൽ വിസക്കായി കാത്തിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും എംബിബിഎസ് വിദ്യാർത്ഥികളാണ്. കൊറോണ രൂക്ഷമായതോടെ നാട്ടിലെത്തിയവർക്ക് പിന്നീട് തിരികെ പോകാൻ സാധിക്കാതെ വന്നു. ചൈന കൊറോണ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെയാണ് തിരികെ പോകാൻ സാധിക്കാതെ വന്നത്.

