ചെന്നൈ: ചെക്ക് തട്ടിപ്പ് കേസില്‍ തമിഴ് സംവിധായകനായ ലിംഗുസ്വാമിക്കും സഹോദരന്‍ സുബാഷ് ചന്ദ്രയ്‌ക്കും ആറ് മാസം തടവുശിക്ഷ വിധിച്ച് കോടതി. പ്രൊഡക്ഷന്‍ കമ്പനിയായ പിവിപി ക്യാപിറ്റല്‍ നല്‍കിയ കേസിലാണ് ശിക്ഷ വിധിച്ചത്. സൈദാപേട്ട കോടതിയാണ് ശിക്ഷ വിധിച്ചത്.
2014ല്‍ നിര്‍മ്മാണ സംരംഭത്തിനായി വായ്പ വാങ്ങിയ 1.03 കോടി ലിംഗുസ്വാമി തിരിച്ചടച്ചിരുന്നില്ല. കാര്‍ത്തി, സാമന്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിനിമ ചെയ്യാനായിരുന്നു പണം വാങ്ങിയത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ പണം തിരികെ നല്‍കിയില്ല. സിനിമ നടന്നില്ല. ഒടുവില്‍ കമ്പനി കോടതിയെ സമീപിച്ചു. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ചെക്ക് നല്‍കിയെങ്കിലും ബാങ്കില്‍ പണമില്ലാതെ മടങ്ങി.
ഈ സാഹചര്യത്തിലാണ് കമ്പനി ലിംഗുസ്വാമിക്കും സഹോദരനുമെതിരെ പരാതി നല്‍തിയത്. പിവിപി കമ്പനിയില്‍ നിന്ന് വായ്പയെടുത്ത പണം പലിശയടക്കം തിരികെ നല്‍കണമെന്നും കോടതിയുടെ ഉത്തരവുണ്ട്. കേസില്‍ വിധി പ്രതികൂലമായതോടെ മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് ലിംഗുസ്വാമി. റണ്‍, സണ്ടക്കോഴി, പയ്യ, വേട്ടൈ, ഭീമ, അഞ്ജാന്‍, സണ്ടക്കോഴി 2 തുടങ്ങിയവ ചിത്രങ്ങളുടെ സംവിധായകനാണ്. ദ വാര്യര്‍ എന്ന സിനിമയാണ് ലിംഗുസ്വാമിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. റാം പോത്തിനേനിയും കൃതി ഷെട്ടിയും പ്രധാന കഥാപാത്രങ്ങളായ ചിത്രം പരാജയമായിരുന്നു.

