നെയ്പിഡോ: ചൈനയുടെ അഭിമാനമായ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ ചെങ്ഡു ജെ-20 (Chengdu J-20) ചൈനീസ് ഭരണകൂടം അവകാശപ്പെടുന്നത് പോലെ ഒരു ലോകോത്തര യുദ്ധവിമാനമല്ലെന്ന് റിപ്പോർട്ട്. മിസൈലുകളെയും റഡാറുകളെയും വെട്ടിച്ച് ശത്രുരാജ്യത്തിന്റെ വ്യോമാതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശേഷിയുള്ള വിമാനങ്ങളാണ് സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ. ജെ-20 യുടെ സാങ്കേതികപരമായ കഴിവുകൾ, പ്രവർത്തനരീതി, എൻജിനുകളുടെ നിലവാരം എന്നിവയെക്കുറിച്ച് മ്യാൻമർ ആസ്ഥാനമായുള്ള മിസ്സിമ (Mizzima) എന്ന മാദ്ധ്യമം പുറത്തുവിട്ട റിപ്പോർട്ടിലാണ് വിമാനത്തിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടുന്നത്.
ജെ-20 കാഴ്ചയിൽ ആകർഷകമാണെങ്കിലും, അല്ലാതെ യുദ്ധമുഖത്ത് വിപ്ലവം സൃഷ്ടിക്കാൻ പോന്ന ഒന്നല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു ആധുനിക അഞ്ചാം തലമുറ യുദ്ധവിമാനത്തിന് ആവശ്യം വേണ്ട ശക്തമായ എൻജിൻ, യഥാർത്ഥ സ്റ്റെൽത്ത് ശേഷി, സെൻസർ സാങ്കേതികവിദ്യ, കാര്യക്ഷമമായ പ്രവർത്തനം എന്നിവയിൽ ജെ-20 പിന്നിലാണെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
*
ജെ-20 യുടെ ഏറ്റവും വലിയ ദൗർബല്യം അതിന്റെ എൻജിനാണ്. ഈ വിമാനത്തിന്റെ ആദ്യകാല പതിപ്പുകളിൽ റഷ്യൻ നിർമിത എൻജിനുകളാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ചൈന സ്വന്തമായി വികസിപ്പിച്ച ഡബ്ല്യുഎസ്-15 (WS-15) എൻജിനുകൾ ജെ-20-യിൽ ഘടിപ്പിച്ചതായി അവകാശപ്പെടുന്നുണ്ടെങ്കിലും, ഈ എൻജിനുകളുടെ ഈടുനിൽപ്പിനെക്കുറിച്ചും വിശ്വാസ്യതയെക്കുറിച്ചും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഡബ്ല്യുഎസ്-15 എൻജിനുകൾക്ക് തുടർച്ചയായ സൂപ്പർസോണിക് വേഗതയിൽ പറക്കുന്നതിനുള്ള കഴിവ് പരിമിതമാണെന്നും, ഇത് അറ്റകുറ്റപ്പണികൾ വർദ്ധിപ്പിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
അമേരിക്കൻ യുദ്ധവിമാനങ്ങളായ എഫ്-22, എഫ്-35 എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ, ജെ-20 യുടെ വലുപ്പമേറിയ രൂപകൽപ്പന കാരണം റഡാറുകൾക്ക് ഇതിനെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. ചൈന ഈ വിമാനത്തിന്റെ ചിത്രങ്ങളും വീഡിയോകളും പരസ്യപ്പെടുത്തിയതിലൂടെ, ശത്രുക്കൾക്ക് ഇതിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞെടുക്കാൻ ആവശ്യമായ വിവരങ്ങൾ ലഭിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് ജെ-20 യുടെ സുപ്രധാനമായ നുഴഞ്ഞുകയറ്റ ദൗത്യങ്ങളെ ദുർബലമാക്കുന്നു.
ജെ-20 യുടെ സെൻസർ സംവിധാനങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, അമേരിക്കൻ യുദ്ധവിമാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അത് പൂർണ്ണമായി വികസിച്ചിട്ടില്ലെന്ന് റിപ്പോർട്ട് പറയുന്നു. പോരാട്ടങ്ങളിൽ വിവരങ്ങൾ പങ്കുവെക്കുന്നതിനും, ശത്രുക്കളുടെ ഇലക്ട്രോണിക് യുദ്ധനീക്കങ്ങളെ പ്രതിരോധിക്കുന്നതിനും ജെ-20 ക്ക് പരിമിതികളുണ്ട്.
ചുരുക്കത്തിൽ, ചൈനീസ് എയ്റോസ്‌പേസ് മേഖലയിലെയും പ്രതിരോധ മേഖലയിലെയും ദൗർബല്യങ്ങൾ ജെ-20 യുദ്ധവിമാനം വെളിപ്പെടുത്തുന്നുണ്ടെന്ന് മിസ്സിമ റിപ്പോർട്ട് വ്യക്തമാക്കുന്നു.

