ജി 20 ഉച്ചകോടിക്ക് ഇന്ത്യ വിജയകരമായി ആതിഥേയത്വം വഹിച്ചത് ലോകമെമ്പാടും പ്രശംസിക്കപ്പെടുകയാണ്. ജി-20 സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി ഇന്ത്യ പ്രഖ്യാപിച്ചത് ചൈനയ്‌ക്ക് തിരിച്ചടിയായിരുന്നു. പിന്നാലെ ചൈനയുടെ സ്വപ്ന പദ്ധതിയായ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും പിന്‍മാറുന്നതായി ഇറ്റലിയുടെ പ്രധാനമന്ത്രിയും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, കടുത്ത പ്രഹരമേറ്റിരിക്കുന്ന ചൈനയ്ക്ക് അടുത്ത തിരിച്ചടിയും നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധവിമാനത്താവളം നിർമ്മിക്കാൻ ഭാരതം ഒരുങ്ങുകയാണ്. ലഡാക്കിലെ ന്യോമയിലാണ് ഏറ്റവും ഉയരം കൂടിയ യുദ്ധവിമാനത്താവളം നിർമ്മിക്കുന്നത്. ജി20 ഉച്ചകോടി അവസാനിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിലാണ് ചൈനയ്‌ക്ക് ഇന്ത്യ ഇത്തരമൊരു താക്കീത് നൽകിയിരിക്കുന്നത്. അതിർത്തിയിൽ ചൈനയുമായുള്ള പിരിമുറുക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധ മന്ത്രാലയത്തിന്റെ ഈ തീരുമാനം വളരെ പ്രധാനപ്പെട്ടതാണ്. കിഴക്കൻ ലഡാക്കിലെ സുപ്രധാനമായ നിയോമ ബെൽറ്റിൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ പുതിയ എയർഫീൽഡ് നിർമിക്കുന്നതിന് മൊത്തം 218 കോടി രൂപ ചെലവ് വരും. അതിർത്തിയിൽ ചൈനയ്‌ക്ക് കടുത്ത തിരിച്ചടി നൽകാനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ എയർഫീൽഡിന്റെ നിർമാണം എന്നത് ഉറപ്പാണ്.
അതേസമയം, ചൈനയുടെ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും പിന്‍മാറുന്നതായി ഇറ്റലി കൂടെ പ്രഖ്യാപിച്ചത് ചൈനയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇറ്റലിയുടെ പ്രധാനമന്ത്രിയായ ജോര്‍ജ്ജിയ മെലൊനിയാണ് ഇക്കാര്യം നേരിട്ട് ചൈനയുടെ പ്രതിനിധിയെ അറിയിച്ചത്. ജോര്‍ജ്ജിയ മെലനിയുമായി ജി20 ഉച്ചകോടിയ്‌ക്കിടയില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയ ചൈനയുടെ പ്രധാനമന്ത്രി ലി ക്വാങ്ങിനോടാണ് ജോര്‍ജ്ജിയ മെലൊനി ചൈനയുടെ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയില്‍ നിന്നും ഇറ്റലി പിന്മാറുന്ന കാര്യം മുഖത്തുനോക്കി പറഞ്ഞത്. പദ്ധതിയുടെ പേരിൽ യുഎസുമായുള്ള നയതന്ത്ര ബന്ധം വഷളായേക്കുമെന്ന വിലയിരുത്തലിലാണ് ഇറ്റലിയുടെ മനംമാറ്റം. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വന്‍വിജയമാണ്. ചൈനയ്‌ക്ക് ഇറ്റലിയെപ്പോലെയുള്ള ഒരു ശക്തമായ രാജ്യത്ത് നിന്നും തിരിച്ചടി നല്‍കാന്‍ ദല്‍ഹിയിലെ ജി20 വേദി പശ്ചാത്തലമായത് മാത്രമല്ല ഇന്ത്യയ്‌ക്ക് നേട്ടമായത്. ഭാരതം- ഗള്‍ഫ് രാജ്യങ്ങള്‍-യൂറോപ്പ് വരെ നീളുന്ന സാമ്പത്തിക ഇടനാഴിയ്‌ക്ക് ഇറ്റലി എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തിട്ടുണ്ട്.

