Friday, June 14, 2024
spot_img

ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് പങ്കെടുക്കില്ല;ആസിയാൻ, ഈസ്റ്റ് ഏഷ്യ ഉച്ചകോടികളിൽ നിന്നും വിട്ടുനിൽക്കും; പകരം പ്രധാനമന്ത്രി ലി ക്വിയാങ്ങ് പങ്കെടുക്കും

ബെയ്ജിംഗ്: ദില്ലിയിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. ജക്കാർത്തയിലെ ആസിയാൻ, ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിൽ നിന്നും ചൈനീസ് പ്രസിഡന്റ് വിട്ടുനിൽക്കും. അദ്ദേഹത്തിന് പകരം ചൈനയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലി ക്വിയാങ്ങ് പങ്കെടുക്കമെന്ന് ചൈന ഔദ്യോഗികമായി അറിയിച്ചു. പ്രസിഡന്റ് ഷി ജിൻപിംഗ് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ചൈനയിൽ നിന്ന് രേഖാമൂലമുള്ള സ്ഥിരീകരണത്തിനായി ഇന്ത്യ കാത്തിരിക്കുകയാണെന്ന് ജി 20 സ്പെഷ്യൽ സെക്രട്ടറി മുക്തേഷ് പർദേശി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇന്ത്യ-ചൈന അതിർത്തി വിഷയങ്ങളുടെ വാക്പോര് നടക്കുന്നതിനിടെയാണ് ജി20 യോഗത്തിൽ നിന്ന് വിട്ട് നിൽക്കാനുള്ള ചൈനീസ് പ്രസിഡന്റിന്റെ തീരുമാനമെന്നാണ് വിലയിരുത്തൽ. ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തേണ്ടിവരും. ഇതു ഒഴിവാക്കാനായാണ് നീക്കമെന്നാണ് വിവരം. ഉച്ചകോടി നടത്തുന്ന രാജ്യത്തിന്റെ തലവനുമായി കൂടിക്കാഴ്ച നടത്താതെ പോകുന്നത് നയതന്ത്രപരമായി വലിയൊരു അബദ്ധമായി മാറും. അതിനാലാണ് ഉച്ചകോടി മുഴുവനായി ഒഴിവാക്കാൻ ഷി ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞമാസം ദക്ഷിണാഫ്രിക്കയിൽ ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഇരുനേതാക്കളും സംസാരിച്ചിരുന്നു. അതിർത്തി വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് മോദി ഷിയോട് ആവശ്യപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ നിലപാട് രാജ്യത്തിനകത്തും ഷി ജിൻപിങ്ങിന് ക്ഷീണമുണ്ടാക്കും. അതിർത്തി പ്രശ്നം പരിഹരിച്ചിട്ടു ശേഷം മാത്രം വ്യാപാര ചർച്ചകളെന്നാണ് ഇന്ത്യയുടെ നിലപാട്. അരുണാചൽ പ്രദേശിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയതായി ചിത്രീകരിക്കുന്ന ചൈനയുടെ ‘സ്റ്റാൻഡേർഡ് മാപ്പിനെ’ ഇന്ത്യ തള്ളിയിരുന്നു. ബെയ്ജിംഗിന്റെ അവകാശവാദങ്ങൾ നിരസിച്ച് ചൈനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് കേന്ദ്രസർക്കാർ രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ ജി 20 യോഗത്തിൽ നിന്ന് ഷി ജിൻപിംഗ് വിട്ടുനിൽക്കുമെന്ന സൂചന ലഭിച്ചിരുന്നു.

സെപ്തംബർ 9, 10 തീയതികളിൽ ദില്ലിയിൽ നടക്കുന്ന ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുന്ന രണ്ടാമത്തെ ജി 20 നേതാവാണ് ഷി ജിൻപിംഗ്. ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരത്തെ അറിയിച്ചിരുന്നു. റഷ്യയെ പ്രതിനിധീകരിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവാകും പങ്കെടുക്കുക.

Related Articles

Latest Articles