Friday, May 17, 2024
spot_img

ഉത്തരാഖണ്ഡിൽ ചൈനീസ് സൈന്യം കടന്നുകയറി; പാലത്തിനടക്കം കേടുപാട്‌ വരുത്തി; എത്തിയത് 100 ഓളം സൈനികർ

ലഡാക്ക്: ചൈനീസ് (China) സൈന്യം ഉത്തരാഖണ്ഡില്‍ കടന്നു കയറിയതായി റിപ്പോര്‍ട്ട്. ആഗസ്റ്റ് 30 ന് ഉത്തരാഖണ്ഡിലെ ബരാഹോട്ടിയിലെ ഇന്ത്യൻ പ്രദേശത്തേക്കാണ് സൈനികർ നുഴഞ്ഞുകയറിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുതിരപ്പുറത്താണ് നൂറോളം വരുന്ന സൈനികർ എത്തിയത്. ഇവർ മൂന്ന് മണിക്കൂറോളം പ്രദേശത്ത് ചെലവഴിച്ച ശേഷമാണ് മടങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രദേശത്തെ നടപ്പാലം ചൈനീസ് സൈന്യം നശിപ്പിച്ചു. എന്നാല്‍ ഇന്ത്യന്‍ സേനയുമായി ഒരു ഏറ്റുമുട്ടലിന് നില്‍ക്കാതെ അവര്‍ മടങ്ങി. ഇന്ത്യന്‍ സൈന്യവും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും എത്തിയപ്പോഴേക്കും ചൈനീസ് സേന മടങ്ങിയെന്ന് അധികൃതര്‍ പറയുന്നു. പ്രദേശം സൈനികരഹിത മേഖലയായതിനാൽ ചൈനീസ് നീക്കം മേഖലയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

നന്ദാദേവി ദേശീയോദ്യാനത്തിന്റെ വടക്ക് ഭാഗത്താണ് ബരാഹോട്ടി മലനിര.1954 ൽ ചൈനീസ് സൈന്യം ഇവിടെ കടന്നുകയറിയിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇടയ്ക്ക് കടന്നുകയറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതിര്‍ത്തിയെക്കുറിച്ച് ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ വ്യത്യസ്ത സമീപനം കടന്നുകയറ്റത്തിന് കാരണമായെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാട്.

നേരത്തെ, കിഴക്കന്‍ ലഡാക്കില്‍ എല്‍എസിക്ക് സമീപം ചൈന എട്ടിടങ്ങളില്‍ സൈനികര്‍ക്കായി ടെന്റുകള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹാബ്സിൽഗ, ചാങ് ല, മൻസ, ചുരൂപ്, ഹോട്ട്സ്പ്രിംഗ് തുടങ്ങിയ ഇടങ്ങളിലാണ് ടെന്റുകള് സ്ഥാപിച്ചത്. ഇവിടെ വ്യോമതാവളങ്ങളും ഹെലിപാഡുകളും സജ്ജമാക്കിയതായുള്ള റിപ്പോർട്ടുകളും ഉണ്ട്. അതേസമയം ഒരു വര്‍ഷത്തിലേറെയായി സംഘര്‍ഷം തുടരുന്ന കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര പോസ്റ്റില്‍ നിന്നും ഇന്ത്യയും ചൈനയും സൈന്യങ്ങളെ ഓഗസ്റ്റില്‍ പൂര്‍ണ്ണമായും പിന്‍വലിച്ചിരുന്നു.

Related Articles

Latest Articles