പത്തനംതിട്ട: ചിത്തിര ആട്ട വിശേഷ പൂജകൾക്കായി ശബരിമല നട (Sabarimala Nada Opens) ഇന്ന് തുറക്കും. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തർക്കാണ് ക്ഷേത്ര ദർശനത്തിന് അനുമതിയുള്ളത്. ഭക്തർക്ക് നാളെ രാവിലെ മുതലാകും പ്രവേശനം അനുവദിക്കുക. ഇന്ന് വൈകിട്ട് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ തന്ത്രി വി.കെ ജയരാജ് പോറ്റി ശ്രീകോവിൽ തുറന്ന് വിളക്ക് തെളിയിക്കും. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ, 72 മണിക്കൂർ മുൻപുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ ഉള്ളവരെയാണ് ദർശനം നടത്താൻ അനുവദിക്കുക.
കോവിഡ് പശ്ചാത്തലത്തിൽ മണ്ഡകാലത്ത് ചികിത്സാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ നിന്നും ഡോക്ടർമാരുൾപ്പെടെയുള്ള ജീവനക്കാരെ ശബരിമലയിൽ വിന്യസിക്കും. വിദഗ്ധർ ഉൾപ്പെട്ട സംഘത്തെയാകും വിന്യസിക്കുക. സന്നിധാനത്ത് ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കും. അതേസമയം തുലാമാസ പൂജകൾക്ക് വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടും അവസരം കിട്ടാത്തവർക്കും നാളെ ദർശനത്തിന് അനുമതിയുണ്ട്.

