കുന്നംകുളം: യുവാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ പിടിയില്‍. ക്രിസ്മസ് ദിനത്തില്‍ സ്രായിക്കടവില്‍ അപകട രീതിയില്‍ ജനങ്ങള്‍ക്കിടയിലൂടെ ബൈക്കുമായി അഭ്യാസം നടത്തിയത് ചോദ്യം ചെയ്തതിനാണ് യുവാവിനെ യുവാക്കള്‍ ഭീഷണിപ്പെടുത്തിയത്.
ചങ്ങരംകുളം അയിനിച്ചോട് സ്വദേശികളായ കൊട്ടാരത്തു വളപ്പില്‍ മുബഷീര്‍ (20), അമയില്‍ തെക്കുവളപ്പില്‍ വീട്ടില്‍ മുഹമ്മദ് ബാസില്‍ (22), കിഴിഞ്ഞാലില്‍ വീട്ടില്‍ ഷാബില്‍ (18), പള്ളിക്കര മണ്ണാന്‍ പടി വീട്ടില്‍ ഫവാസ് (20) എന്നിവരെയാണ് കുന്നംകുളം സി.ഐ സൂരജും സംഘവും അറസ്റ്റ് ചെയ്തത്. കുന്നംകുളം പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. ക്രിസ്മസ് ദിനത്തില്‍ സ്രായിക്കടവില്‍ വിനോദ സഞ്ചാരത്തിനായി എത്തിയ നിരവധി ആളുകളുടെ ഇടയിലാണ് ജനങ്ങളെ പരിഭ്രാന്തിയുടെ നിഴലിലാക്കിയ ഈ സംഭവം നടന്നത്. പിന്നീട് ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു.
പൊലീസ് സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ശ്രീജിത്, മണികണ്ഠന്, ബസന്ത്, എ.എസ്.ഐ വര്‍ഗീസ്, സി.പി.ഒമാരായ ഹംദ്, അബ്ദുല്‍ റഷീദ്, സുജിത്കുമാര്‍, ഗംഗേഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

