Monday, June 17, 2024
spot_img

സീറോ മലബാർ സഭ അനധികൃത ഭൂമിയിടപാട്; കള്ളപ്പണക്കേസിൽ കർദിനാളിന് കുരുക്ക് മുറുക്കി ഇഡി

കൊച്ചി: സീറോ മലബാർ സഭയുടെ അനധികൃത ഭൂമിയിടപാടിലെ കള്ളപ്പണത്തിൽ അന്വേഷണം ആരംഭിച്ച് ഇഡി (ED Investigation). കേസിൽ കർദിനാള്‍ ആലഞ്ചേരിയടക്കം (Cardinal George Alencherry) പ്രതികളാണ് ഉള്ളത്. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപട്ടികയിലുണ്ട്. വിവാദമായ സഭാ ഭൂമിയിടപാട് കേസിൽ കർദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ റവന്യു സംഘത്തിന്‍റെ അന്വേഷണവും നടക്കുന്നുണ്ട്. ഇടപാടിൽ സർക്കാർ പുറമ്പോക്ക് ഉൾപ്പെട്ടിട്ടുണ്ടോ സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് അന്വേഷണം.

തണ്ടപ്പേര് തിരുത്തിയോ, ക്രമക്കേടിൽ സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും റവന്യു സംഘം പരിശോധിക്കും. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് അന്വേഷണം തുടങ്ങിയത്. സീറോ മലബാർ സഭ ഭൂമി ഇടപാടിൽ കർദ്ദിനാൾ വിചാരണ നേരിടണമെന്ന സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു.

അതേസമയം ആധാരം വിലകുറച്ചു കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് ഇഡിയുടെ കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു. കേസന്വേഷണത്തിന്‍റെ ഭാ​ഗമായി ഇടനിലക്കാർക്ക് ഇഡി നോട്ടീസ് അയച്ചു. വ്യാജപട്ടയം ഉണ്ടാക്കിയും തണ്ടപ്പേര് തിരുത്തിയും ഇടപാട് നടന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. യഥാർത്ഥ പട്ടയത്തിൻ്റെ അവകാശിയെയും കണ്ടെത്തിയ പോലീസും കൂടുതൽ അന്വേഷണം ശുപാർശ ചെയ്തിരുന്നു. അതിവേഗം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. വിചാരണയിൽ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നായിരുന്നു കർദ്ദിനാൾ അറിയിച്ചത്. എന്നാൽ അതിനിടെയാണ് ഭൂമി ഇടപാടിലെ റവന്യു അന്വേഷണം ആരംഭിച്ചത്.

Related Articles

Latest Articles