പാലക്കാട്: പാലക്കാട് ഡിവിഷനിലെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കോടി അഞ്ചു ലക്ഷം രൂപ വിലവരുന്ന 35,000 പായ്ക്കറ്റ് വിദേശനിര്‍മിത സിഗരറ്റ് പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗം പിടികൂടി. പിടിച്ചെടുത്ത വിദേശനിര്‍മിത സിഗരറ്റുകള്‍ തുടര്അന്വേഷണത്തിനായി മലപ്പുറം കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിനു കൈമാറി.
ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളിലും ഗള്‍ഫ് ബസാറുകളിലും വില്പന നടത്തുന്നതിനായി വിദേശത്തുനിന്നും അനധികൃതമായി കടത്തിക്കൊണ്ടുവന്നതാണ് സിഗരറ്റുകള്‍. തിരൂര്‍ കേന്ദ്രീകരിച്ച് അനധികൃത സിഗരറ്റ് വ്യാപാരം വ്യാപകമാണെന്ന പരാതിയെതുടര്‍ന്ന് ആര്‍പിഎഫ് കുറ്റാന്വേഷണ വിഭാഗം ദീര്‍ഘനാളായി ട്രെയിന്‍മാര്‍ഗം കടത്തിക്കൊണ്ടുവരുന്ന സിഗരറ്റ് കടത്തിനെക്കുറിച്ചു നിരീക്ഷണം നടത്തിവരികയായിരുന്നു.
ഡല്‍ഹിയില്‍ നിന്നും വരുന്ന ട്രെയിനുകളില്‍ കേരളത്തിനകത്തും പുറത്തുമുള്ള സ്റ്റേഷനിലേക്കു ബുക്ക് ചെയ്യുകയും അവിടെനിന്ന് റീബുക്ക് ചെയ്തു പാസഞ്ചര്‍ ട്രെയിനുകളില്‍ ആവശ്യ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതുമാണ് സംഘങ്ങളുടെ രീതി. അനധികൃതമായ ഈ സിഗരറ്റ് കടത്ത് വഴി വന്‍ നികുതി വെട്ടിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

