Wednesday, May 15, 2024
spot_img

ലൈംഗിക പീഡനക്കേസ്‌; സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ്; മുൻകൂ‍ർ ജാമ്യത്തിന് ശ്രമം; നടപടി വൈകിയാൽ പ്രക്ഷോഭം ആരംഭിക്കാൻ തീരുമാനം

കോഴിക്കോട് : ലൈംഗിക പീഡനക്കേസിൽ പ്രതിയായ സാംസ്കാരിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടതായി പൊലീസ്. സിവിക് മുൻകൂ‍ർ ജാമ്യത്തിനായി ശ്രമം തുടങ്ങിയെന്നും വിവരമുണ്ട്. ഒരാഴ്ചക്കകം നടപടിയെടുത്തില്ലെങ്കിൽ ഉത്തരമേഖ ഐജി ഓഫീസിന് മുന്നിൽ പ്രക്ഷോഭം തുടങ്ങാനാണ് ദളിത് സംഘടനകളുടെ തീരുമാനം. പരാതി ഉയർന്നയുടൻ സിവിക് തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് അറിയുന്നത്. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ വീട്ടിലേക്ക് പലതവണ അന്വേഷണസംഘം എത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോൺ സ്വിച്ച് ഓഫാണ്. എവിടെയെന്നതിനെക്കുറിച്ച് വിവരം കിട്ടിയെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

അധ്യാപികയും എഴുത്തുകാരിയുമായ വ്യക്തിയുടെ പരാതിയില്‍ കഴിഞ്ഞയാഴ്ചയാണ് കൊയിലാണ്ടി പൊലീസ് സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരെ കേസ് എടുത്തത്. ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമ നിയമ പ്രകാരവുമാണ് കേസ്. എന്നാല്‍ ഇതുവരെ സിവികിനെ കണ്ടെത്താനോ നടപടികൾ പൂ‍ർത്തിയാക്കാനോ കഴിഞ്ഞിട്ടില്ല. കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിലേക്ക് പലതവണ അന്വേഷണസംഘം ചെന്നെങ്കിലും കണ്ടെത്താനായില്ല.

കോഴിക്കോട് ജില്ലാകോടതി വഴി സിവിക് മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കുന്നുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം. പരാതിക്കാരിയായ അധ്യാപികയുടെ വിശദമായ മൊഴി വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം രേഖപ്പെടുത്തി. സാക്ഷികളിൽനിന്നുളള മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. സംഭവ സ്ഥലത്ത് അധ്യാപികയെ എത്തിച്ച് തെളിവെടുപ്പും പൊലീസ് പൂര്‍ത്തിയാക്കി.

അതേസമയം സിവിക് ചന്ദ്രനെ പൊലീസ് സംരക്ഷിക്കുന്നുവെന്നാണ് ദളിത് സംഘടനകളുടെ ആരോപണം. അറസ്റ്റ് ഇനിയും വൈകിയാൽ ഉത്തരമേഖല ഐജിയുടെ ഓഫീസ് മുന്നിൽ കുടിൽകെട്ടി സമരം തുടങ്ങാനാണ് ദളിത് സംഘടനകളുടെ നീക്കം. ഏപ്രിൽ 17നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിക്കെതിരെ അതിക്രമം ഉണ്ടായത്. ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച നിയമ പ്രകാരവുമാണ് കേസ്. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണ ചുമതല വടകര ഡിവൈഎസ്പിക്കാണ്.

Related Articles

Latest Articles