Sunday, June 2, 2024
spot_img

തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; വയനാട്ടിൽ രണ്ട് കമ്യൂണിസ്റ്റ് ഭീകരർ പിടിയിൽ; രക്ഷപ്പെട്ട രണ്ട് പേർക്കായി തിരച്ചിൽ പുരോഗമിക്കുന്നു

കൽപറ്റ: വയനാട് തലപ്പുഴ പേരിയയിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. പെരിയ ചപ്പാരം കോളനിയിൽ ഏറ്റുമുട്ടലിനൊടുവിൽ രണ്ട് ഭീകരർ പിടിയിൽ. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത് എന്നാണ് സൂചന. രക്ഷപ്പെട്ട രണ്ട് പേരിൽ ഒരാൾക്ക് വെടിയേറ്റെന്നാണ് വിവരം. ഇവർക്കായി മേഖലയിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. വനാതിർത്തികളിൽ വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. നാലംഗ ഭീകര സംഘം ചപ്പാരം കോളനിവാസിയായ അനീഷിന്റെ വീട്ടിലെത്തുകയായിരുന്നു. മൊബൈൽ ചാർജ് ചെയ്തു, ഭക്ഷണം കഴിക്കാൻ കാത്തിരുന്നു. ഈ വിവരം അറിഞ്ഞ തണ്ടർബോൾട്ട് തന്ത്രപരമായി വീട് വളഞ്ഞ് ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇവിടെ നിന്നും രക്ഷപ്പെടാനായി സേനാംഗങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തണ്ടർബോൾട്ടും ശക്തമായി തിരിച്ചടിച്ചു.

ഇതിനിടെ നാലംഗ സംഘത്തിലെ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. രണ്ട് പേർ വീടിനുള്ളിൽ കുടുങ്ങുകയായിരുന്നു. ഇവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകീട്ട് കമ്യൂണിസ്റ്റ് ഭീകരർക്ക് സഹായം എത്തിക്കുന്നയാളെ തണ്ടർബോൾട്ട് പിടികൂടിയിരുന്നു. ഇയാളിൽ നിന്നുമാണ് പോലീസിന് ഭീകരരെക്കുറിച്ച് വിവരം ലഭിച്ചത്. തമിഴ്‌നാട് സ്വദേശി തമ്പിയാണ് പിടിയിലായത്. കബനീദളത്തിലെ കമ്യൂണിസ്റ്റ് ഭീകരർക്കായിരുന്നു ഇയാൾ വിവരങ്ങൾ കൈമാറിയിരുന്നത്. അതേസമയം, കണ്ണൂർ – വയനാട് അതിർത്തികളിലെ ആശുപത്രികളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വെടിയേറ്റ ആൾ ചികിത്സക്കെത്തിയാൽ പിടികൂടുകയാണ് ലക്ഷ്യം.

Related Articles

Latest Articles