കൊച്ചി : ജലനിധി അവലോകന യോഗത്തിനിടെയുണ്ടായ സംഘർഷത്തിനിടെ വനിതാ പഞ്ചായത്തംഗം മുന്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ വൃഷ്ണം പിടിച്ചു ഞെരിച്ചുവെന്ന് പരാതി. മുന്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിനെ ആക്രമിക്കുകയും വൃഷ്ണം പിടിച്ച് ഞെരിക്കുകയുമായിരുന്നു. സംഭവത്തില്‍ വനിതാ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. പഞ്ചായത്ത് അംഗം സിന്ധു ടോമി, പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, മേഴ്‌സി മാണി, ഫിലോമിന ജോണി എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി പിടിച്ച് തള്ളുകയും, ഫിലോമിന ജോണിയും മേഴ്‌സി മാണിയും ചേര്‍ന്ന് കടന്ന് പിടിക്കുകയും സിന്ധു ടോമി വൃഷ്ണം പിടിച്ച് ഞെരിക്കുകയുമായിരുന്നുവെന്നാണ് പരാതി.
പഞ്ചായത്ത് അംഗമായ സിന്ധു ടോമിയെ അവഹേളിക്കുകയും സ്ത്രീത്വത്തെ അവഹേളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തുവെന്നതിന് ജെയിംസ് പന്തമ്മാക്കിലിനെതിരെയും പോലീസ് കേസ് എടുത്തു. ജലജീവന്‍ പദ്ധതിയുടെ നടത്തിപ്പ് പഴയ ജലനിധി ഗുണഭോക്ത സമിതിക്ക് നല്‍കണമെന്ന് ജെയിംസ് ആവശ്യപ്പെട്ടതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് തയ്യാറായില്ല. ഇതോടെ ഇരു വിഭാഗവും തമ്മില്‍ തര്‍ക്കം ആരംഭിക്കുകയായിരുന്നു. സംഘർഷത്തിനിടെ പഞ്ചായത്ത് പ്രസിഡന്റിനെ കയ്യേറ്റം ചെയ്യാന്‍ ജെയിംസ് ശ്രമിച്ചതോടെ വനിത അംഗങ്ങള്‍ പ്രതിരോധം തീര്‍ക്കുകയായിരുന്നു.

